ചെന്നൈ : മതസംഘർഷത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ ഫെയ്‌സ്ബുക്കിൽ വിദ്വേഷപ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആളുമായി ബന്ധപ്പെട്ട മധുരയിലെ നാല് സ്ഥലങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി. കാസിമർ സ്ട്രീറ്റ്, കെ. പുതൂർ, പേതനിയാപുരം, മെഹബൂബ്പാളയം എന്നിവിടങ്ങിലാണ് പരിശോധന നടന്നത്. ഇവിടെനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കം ഇലക്േട്രാണിക് ഉപകരണങ്ങളും പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരിൽ കഴിഞ്ഞവർഷം ഡിസംബറിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഹമ്മദ് ഇഖ്ബാൽ (സെന്തിൽകുമാർ) എന്നയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഐ.എസ്.ഐ.എസ്. അടക്കം നിരോധിത സംഘടനകളുമായി സാമൂഹികമാധ്യമങ്ങളിലൂടെ ഇയാൾ ബന്ധം പുലർത്തിയിരുന്നുവെന്നാണ് വിവരം. ഇതിന്റെ നിർണായക തെളിവുകൾ പിടിച്ചെടുത്ത മൊബൈൽ ഫോണിൽനിന്ന് ലഭിച്ചുവെന്നാണ് സൂചന. ചെന്നൈയിൽനിന്നുള്ള എൻ.ഐ.എ. സംഘമാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ തിരച്ചിൽ ഉച്ചവരെ നീണ്ടു.