ചെന്നൈ : സ്വകാര്യ ആശുപത്രികളിൽ ഓക്സിജന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് സർക്കാർ റെംഡെസിവിർ മരുന്നെത്തിച്ച് കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

മരുന്നിന്റെ കരിഞ്ചന്തയിലെ വിൽപ്പന തടയുന്നതിന് സ്വകാര്യ ആശുപത്രിവഴി റെംഡെസിവിർ വിതരണം ചെയ്യാനും തീരുമാനിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം സ്വകാര്യ ആശുപത്രികൾ സർക്കാർ വെബ് സൈറ്റിൽ രേഖപ്പെടുത്തണം.

റെംഡെസിവിർ വ്യാപകമായ കരിഞ്ചന്തയിൽ വില്പന തുടങ്ങിയതിനെ തുടർന്നാണ് മരുന്ന് സ്വകാര്യ ആശുപത്രികൾ വഴി വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വ്യാജരേഖകളുടെ പിൻബലത്തോടെ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന് ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ മരുന്ന് വിൽപ്പന നടത്തുന്ന എല്ലാ കൗണ്ടറുകളുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനുംകൂടിയാണ് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് മരുന്ന് നൽകുന്നത്. അതേസമയം റെംഡെസിവിർ മരുന്ന് ആവശ്യമുള്ളവർക്കുമാത്രം നൽകിയാൽ മതിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ മാത്രം റെംഡെസിവിർ നൽകിയാൽ മതി- മന്ത്രി വ്യക്തമാക്കി.