ചെന്നൈ : സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 1000-ത്തോളം കടകൾ അധികൃതർ പൂട്ടിച്ചു. 10ന് സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. നാലുകോടിയിലേറെ രൂപ പിഴയായും ഇടാക്കി. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെടുത്ത നടപടിയാണിത്. ഇതുകൂടാതെ പോലീസ് വാഹനപരിശോധന തുടങ്ങിയ നടപടികളിലൂടെ ലോക്ഡൗൺ ലംഘിക്കുന്നവരെ പിടികൂടി പിഴയീടാക്കുന്നുണ്ട്.

സാമൂഹിക അകലം, പ്രവർത്തനസമയം തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചവരുത്തുന്നതിന്റെ പേരിലാണ് കടകൾക്കെതിരേ നടപടിയെടുക്കുന്നത്. ചെന്നൈയിൽമാത്രം 239 കടകളാണ് പൂട്ടിയിരിക്കുന്നത്. 1.44 കോടി രൂപ പിഴയായി ചെന്നൈ കോർപ്പറേഷൻ ഈടാക്കിയിട്ടുണ്ട്. കാവേരി നദീതടജില്ലകളായ തഞ്ചാവൂർ, നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറൈ എന്നിവിടങ്ങളിൽ 110 കടകൾ പൂട്ടി അധികൃതർ സീൽവെച്ചു. തഞ്ചാവൂരിൽ 192 കടകൾക്കെതിരേ പിഴയീടാക്കിയിട്ടുണ്ട്.

ദിണ്ടിഗൽ ജില്ലയിൽ ആകെ 1200 കേസുകൾ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർചെയ്തു. മുഖാവരണം ധരിക്കാത്തതിന്റെ പേരിൽ 551 പേരിൽനിന്ന് പിഴയീടാക്കി. 56 കടകൾക്ക് സീൽവെച്ചു. തിരുനൽവേലിയിൽ 94 വാഹനങ്ങൾ പിടിച്ചെടുത്തു. 10 കടകൾ പൂട്ടിസീൽവെച്ചു.സേലത്ത് 2200 പേർക്കെതിരേ കേസെടുക്കുകയും 25 കടകൾ പൂട്ടുകയും ചെയ്തു. തിരുച്ചിറപ്പള്ളിയിൽ 22 കടകൾ സീൽവെക്കുകയും 18 ലക്ഷത്തോളം രൂപ പിഴയായി ഇടാക്കുകയും ചെയ്തു. ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ 25 വീതം കടകളാണ് പൂട്ടിയത്. നഗരപ്രദേശങ്ങൾ കൂടാതെ ഗ്രാമങ്ങളിലും കടകൾക്കെതിരേ നടപടിയെടുക്കുന്നുണ്ട്.

പലചരക്ക്, പച്ചക്കറികടകൾക്കും അങ്ങാടി മരുന്നുകടകളും രാവിലെ ആറുമുതൽ 10 വരെ പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. ഞായറാഴ്ചകളിൽ ഇവ പ്രവർത്തിക്കാൻ അനുമതിയില്ല.