ചെന്നൈ : കാസർകോട്-തിരുവനന്തപുരം അതിവേഗറെയിൽപാതയായ സിൽവർലൈൻ പദ്ധതിയ്ക്കെതിരേയുള്ള കേസ് ദേശീയ ഹരിതട്രിബ്യൂണൽ ദക്ഷിണമേഖല ബെഞ്ച് 24-ന് പരിഗണിക്കും. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുമുമ്പ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ആർ. ശശികുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ. രാമകൃഷ്ണനും വിദഗ്ധ അംഗം കെ. സത്യഗോപാലും അടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

പദ്ധതിക്ക്‌ മുൻകൂട്ടിയുള്ള പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യം ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാതപഠനം സംബന്ധിച്ച് 2006-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയും റെയിൽ പദ്ധതികളും ഉൾപ്പെടുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേരളറെയിൽ വികസന കോർപ്പറേഷന്റെ (കെ-റെയിൽ) സിൽവർലൈൻ പദ്ധതിക്ക്‌ മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞൻ ഡോ. മുരളീകൃഷ്ണ സത്യവാങ്മൂലം സമർപ്പിച്ചത്.

നോയിഡ-ഗ്രേറ്റർ നോയിഡ മെട്രോ റെയിൽ പദ്ധതിക്ക്‌ മുൻകൂട്ടി പാരിസ്ഥിതികാനുമതി നേടണമെന്ന ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി തടഞ്ഞതും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സിൽവർലൈൻ സമ്പൂർണ ഹരിതപദ്ധതിയായി വിഭാവനംചെയിതിട്ടുള്ളതാണ്. ഇതുകൂടാതെ സമഗ്ര പാരിസ്ഥിതിക ആഘാതപഠനം നടത്തുന്നതിന് ഇ.ക്യു.എം.എസ്. ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.