ചെന്നൈ : ഒരുകാലത്ത് ചെന്നൈയിലെ കവിസദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു ഭാസി കെ. പുനലൂർ. പത്ത് വർഷം മുമ്പ് ചെന്നൈയിലെ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയെങ്കിലും നഗരത്തിലെ മലയാളി സാംസ്കാരിക പ്രവർത്തകർ സാധാരണക്കാരനായ ഈ കവിയെ മറന്നിരുന്നില്ല. ഭാസിയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

പ്രതിസന്ധികൾക്ക് നടുവിലും കവിതയെ ജീവനോളം സ്നേഹിച്ചയാളായിരുന്നു ഭാസിയെന്ന് സുഹൃത്തുകൾ അനുസ്മരിച്ചു. ചെന്നൈയിലെ കവിസംഗമത്തിലും മദിരാശി കേരള സമാജത്തിലും സജീവമായിരുന്നു. താമസിക്കാൻ സ്ഥലം പോലും കണ്ടെത്താൻ കഴിയാതെ വിഷമിച്ച നാളുകൾ ഭാസിക്കുണ്ടായിരുന്നു. ചെറിയ ഒരു ലോഡ്ജ് മുറിയിൽ പെട്ടിയും മറ്റും വെച്ചതിനുശേഷം പലയിടങ്ങളിലായിരുന്നു കിടന്നുറങ്ങിയത്. അക്ഷരവെളിച്ചം കെടാതെ സൂക്ഷിച്ചപ്പോഴും ജീവിക്കാൻവേണ്ടി ഹോട്ടൽ വെയിറ്ററായി ജോലി നോക്കി. പാരീസിലെ നാഷണൽ ഹോട്ടലിൽ ഏറെനാൾ പ്രവർത്തിച്ചു.

ചെന്നൈയിൽനിന്ന് പോയതിനുശേഷം പാലക്കാട്ടും റെസ്റ്റോറന്റിൽ ജോലി ചെയ്തു. മറുനാടൻ മലയാളി കുട്ടികൾക്ക് വേണ്ടി മലയാളം ക്ലാസുകൾ എടുത്തു. ആദമ്പാക്കം മലയാളി സമാജത്തിന്റെ ‘കളിയരങ്ങ് ’ വേദിയിൽ ക്ലാസുകൾ നയിച്ചിരുന്നു. ബ്രോഡ്‌വേ മലയാളി സമാജത്തിൽ ആദ്യകാല മലയാളം മിഷൻ അധ്യാപകനുമായിരുന്നു. എല്ലാവരോടും സ്നേഹത്തോടു മാത്രമേ പെരുമാറിയിരുന്നുള്ളുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ഭാസിയുടെ കവിതകൾ അടങ്ങുന്ന ‘നിലവിളക്ക്’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.