ചെന്നൈ : സംസ്ഥാനത്ത് എൻജിനിയറിങ് പ്രവേശനത്തിനുള്ള കൗൺസിലിങ് ആരംഭിച്ചു. കോവിഡ് വ്യാപനം മുൻകരുതി ഓൺലൈനായാണ് നടപടികൾ. കായികതാരങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാരുടെ മക്കൾ തുടങ്ങിയ സംവരണവിഭാഗങ്ങൾക്കാണ് ആദ്യം കൗൺസിലിങ് നടക്കുന്നത്.

സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് ഈവർഷം മുതൽ 7.5 ശതമാനം സീറ്റ് സംവരണമുണ്ട്. ഈ വിദ്യാർഥികളുടെ കൗൺസിലിങ് ശനിയാഴ്ച ആരംഭിക്കും. സംവരണവിഭാഗങ്ങളുടെ കൗൺസിലിങ് 24 വരെ തുടരും. പൊതുവിഭാഗങ്ങളുടെ കൗൺസിലിങ് 27-ന് തുടങ്ങി ഒക്ടോബർ 17 വരെ നടക്കും. സപ്ലിമെന്ററി കൗൺസിലിങ് ഒക്ടോബർ 19-ന് തുടങ്ങി 23 വരെ നടക്കും. അഞ്ചുതവണ കൗൺസലിങ് നടത്തും. 440 കോളേജുകളിലായി 1,51,870 എൻജിനിയറിങ് സീറ്റുകളിലേക്കാണ് ഈവർഷം പ്രവേശനം നടക്കുന്നത്. അപേക്ഷിച്ചതിൽ യോഗ്യതയുള്ള 1,39,083 വിദ്യാർഥികളുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.