ചെന്നൈ : തീവണ്ടികളിലെ ശീതീകരിച്ച കോച്ചുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൂട് ക്രമീകരിക്കുകയും നല്ല വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതായി ദക്ഷിണറെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
കോച്ചിനുള്ളിലെ വായു മണിക്കൂറിൽ 12 തവണ പുറത്തേക്ക് പോകാനും പുതിയ വായു അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്യാനുമായി എ.സി. സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനായി എ.സി. സംവിധാനത്തിലെ ഫാനുകളുടെ വേഗം വർധിപ്പിച്ചു. എ.സി.യുടെ ഫിൽട്ടറുകൾ നിശ്ചിത കാലയളവിൽ അണുവിമുക്തമാക്കും. കോച്ചിനുള്ളിൽ ശുദ്ധവായു ഉറപ്പാക്കാനാണിത്. കോവിഡ്കാലത്തിന് മുമ്പ് മണിക്കൂറിൽ ആറുമുതൽ എട്ട് തവണവരെയാണ് കോച്ചിനുള്ളിലെ വായു പുറംതള്ളി പുതിയ വായു ആഗിരണം ചെയ്തിരുന്നത്. എ.സി. കോച്ചുകൾ വൃത്തിയാക്കുന്നത് റോബോട്ടിക് സംവിധാനമുപയോഗിച്ചാണ്. എൽ.എച്ച്.ബി. കോച്ചുകളിലെ ഊഷ്മാവ് 23 ഡിഗ്രിയിൽനിന്ന് 25 ആയും പരമ്പരാഗത എ.സി.കോച്ചുകളിലെ ഊഷ്മാവ് 24 ഡിഗ്രിയിൽനിന്ന് 26 ആയും വർധിപ്പിച്ചിട്ടുണ്ട്. എ.സി. കോച്ചുകളിൽ കിടക്കവിരികൾ നൽകുന്നില്ല. കർട്ടനുകൾ നീക്കംചെയ്തിട്ടുണ്ട്.