ചെന്നൈ : തമിഴ്‌നാട്ടിൽ നിയമസഭാതിരഞ്ഞെടുപ്പിനുസമാനമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ദ്രാവിഡകക്ഷികളുമായുള്ള സഖ്യം നേട്ടമാക്കി കോൺഗ്രസും ബി.ജെ.പി.യും. അഞ്ചുവർഷം വൈകിനടന്ന ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ തിരഞ്ഞെടുപ്പിലാണ് ഇരുപാർട്ടികളും നിലമെച്ചപ്പെടുത്തിയത്.

2011-ലെ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലാപഞ്ചായത്ത് സീറ്റുകൾ വിജിയിച്ച കോൺഗ്രസ് ഇത്തവണ 24 സീറ്റുകളാണ് നേടിയത്. മുമ്പ് രണ്ട് ജില്ലാപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ച ബി.ജെ.പി.ക്ക്‌ ഇത് ഏഴായി ഉയർത്താൻ സാധിച്ചു.

സംവരണസീറ്റ് നിർണയം സംബന്ധിച്ച കേസുകളുടെ പേരിലാണ് 2016-ൽ നടക്കേണ്ടിയിരുന്ന തദ്ദേശതിരഞ്ഞെടുപ്പ് ഏറെ വൈകിയത്. 37 ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുതവണയായിട്ടാണ് നടത്തിയത്. 2019 ഡിസംബറിൽ 28 ജില്ലകളിലെ തിരഞ്ഞെടുപ്പും ഇപ്പോൾ ഒമ്പതുജില്ലകളിലെ തിരഞ്ഞെടുപ്പുമാണ് നടന്നത്.

ആദ്യഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും തുല്യനിലയിലുള്ള പോരാട്ടം നടത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെ. തകർന്നടിയുകയായിരുന്നു. ആദ്യഘട്ടത്തിൽ 214 ജില്ലാപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ച എ.ഐ.എ.ഡി.എം.കെ. രണ്ടാംഘട്ടത്തിൽ വെറും രണ്ടുസീറ്റുകളിലാണ് വിജയിച്ചത്. 2011-ലെ തിരഞ്ഞെടുപ്പിൽ 602 സീറ്റുകൾ നേടിയ എ.ഐ.എ.ഡി.എം.കെ. ഇത്തവണ രണ്ടുഘട്ടങ്ങളിലായി നേടിയത് 216 സീറ്റുമാത്രം.

എ.ഐ.എ.ഡി.എം.കെ. വൻ തിരിച്ചടി നേരിട്ടെങ്കിലും സഖ്യകക്ഷിയായ ബി.ജെ.പി. നിലമെച്ചപ്പെടുത്തി. രണ്ടുഘട്ടങ്ങളിലുമായി ബി.ജെ.പി. ഏഴ് ജില്ലാപഞ്ചായത്ത് സീറ്റും 91 പഞ്ചായത്ത് യൂണിയൻ സീറ്റുംനേടി. മുൻ തിരഞ്ഞെടുപ്പിൽ യഥാക്രമം രണ്ട്, 29 എന്നിങ്ങനെയായിരുന്നു ബി.ജെ.പി.യുടെ സീറ്റുനില. നിയമസഭാതിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. വലിയ തിരിച്ചടി നേരിട്ടെങ്കിലും ബി.ജെ.പി. നാലുസീറ്റ്‌ നേടിയിരുന്നു. രണ്ടുപതിറ്റാണ്ടിനുശേഷമായിരുന്നു തമിഴ്‌നാട് നിയമസഭയിൽ ബി.ജെ.പി.ക്ക്‌ പ്രതിനിധികളെ ലഭിച്ചത്.

ഡി.എം.കെ.യുമായുള്ള സഖ്യം കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പുമുതൽ വലിയ നേട്ടമാണ്. ലോക്‌സഭയിൽ ഒമ്പതുസീറ്റിൽ മത്സരിച്ച കോൺഗ്രസ് എട്ടുസീറ്റുകൾ വിജയിച്ചു. നിയമസഭയിൽ 25 സീറ്റുകളിൽ മത്സരിച്ച് 18 ഇടങ്ങളിൽ വിജയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലും സഖ്യം നേട്ടമായിരിക്കയാണ്. ജില്ലാപഞ്ചായത്തിൽ എ.ഐ.എ.ഡി.എം.കെ.യെക്കാൾ വോട്ടുവിഹിതം കോൺഗ്രസിനാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്തുനടന്ന എല്ലാ തിരഞ്ഞെടുപ്പും ഡി.എം.കെ.യ്ക്കും നേട്ടമാണ്. 2011-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 30 ജില്ലാപഞ്ചായത്ത് സീറ്റുനേടിയ ഡി.എം.കെ. ഇത്തവണ അത് 370 ആയി ഉയർത്തി. മുമ്പ് ആയിരത്തോളം പഞ്ചായത്തുയൂണിയൻ സീറ്റുകൾ വിജയിച്ച സ്ഥാനത്ത് 3000-ത്തിൽപ്പരം സീറ്റാണ് ഇത്തവണ നേടിയത്.