ചെന്നൈ : ഹോട്ടലിൽനിന്ന് പൊറോട്ട കഴിച്ചശേഷം കിടന്നുറങ്ങിയ കോളേജ് വിദ്യാർഥി ശ്വാസതടസ്സംമൂലം മരിച്ചു. കൊളത്തൂർ വി.വി. നഗർ സ്വദേശിയായ സിബിയാണ് (17) മരിച്ചത്. സ്വകാര്യ കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു.

വ്യാഴാഴ്ച രാത്രി വീടിനടുത്തുള്ള ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടലിൽനിന്ന് സിബി പൊറോട്ട കഴിച്ചിരുന്നു. പിന്നീട് വീട്ടിലെത്തി ഉറങ്ങാൻ കിടന്നു. വെള്ളിയാഴ്ച പുലർച്ചെ സിബിക്ക് കലശലായ ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. 108 ആംബുലൻസ് വിളിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊറോട്ട കഴിച്ചതാണ് മരണത്തിന് കാരണമെന്നും ഭക്ഷ്യവിഷബാധയുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. കേസെടുത്ത കൊളത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.