ചെന്നൈ : വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും ഹൈന്ദവ സംഘടനകളുടെയും മലയാളി സമാജങ്ങളുടെയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ ക്ഷേത്രങ്ങളിൽ ഭക്തരെത്തി. മുൻവർഷങ്ങളിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം ഇക്കൊല്ലം നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ.

വിദ്യാക്ഷേത്രം സ്‌കൂൾ

സാലിഗ്രാം കേരള ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന വിദ്യാക്ഷേത്രം സ്കൂളിൽ വിജയദശമി പൂജ നടത്തി. വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കുട്ടികളെ എഴുത്തിനിരുത്തി എൽ.കെ.ജി.യിലേക്ക് പ്രവേശിപ്പിച്ചു. ഉപദേശകസമിതി ചെയർമാൻ എം.എ. സലിം, വൈസ് ചെയർമാൻ അനീഷ് പ്രകാശ്, പ്രസിഡന്റ് രാജൻബാബു, ജനറൽ സെക്രട്ടറി കെ.ആർ. പ്രഭാകരൻ, സ്കൂൾ ചെയർമാൻ അഡ്വ. എം.കെ. ഗോവിന്ദൻ, സെക്രട്ടറി കെ. നടരാജൻ, ഖജാൻജി കെ. മുരളി, സുശീലാ ഗോപാലകൃഷ്ണൻ, കെ. രവീന്ദ്രൻ, ബാലകൃഷ്ണപിള്ള, വാസു, ഗോപാലകൃഷ്ണൻ, എം.സി. സുരേഷ്, ബാബു ജോൺസൺ, രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

ആവഡി അയ്യപ്പക്ഷേത്രം

ആവഡി ബി.വി. പുരം അയ്യപ്പ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി. രാവിലെ ഗണപതിഹോമവും വിശേഷാൽ സരസ്വതി പൂജയും നടത്തി. നവരാത്രിയോടനുബന്ധിച്ച് ദുർഗാദേവിക്ക് ഒമ്പത് പ്രത്യേക അലങ്കാരങ്ങൾ നടത്തിയിരുന്നു. ലക്ഷ്മി സഹസ്രനാമ പാരായണം, ഭഗവതി സേവ, അലങ്കാരപൂജ എന്നിവയും നടന്നു.

റെഡ്ഹിൽസ് അയ്യപ്പ ക്ഷേത്രം

റെഡ്ഹിൽസ് അയ്യപ്പ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി. മേൽശാന്തി സജിത്ത് നമ്പൂതിരി കരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് എ.വി.എൻ. ദേവൻ, ഗുരുസ്വാമി പി. വാസുനായർ എന്നിവർ പങ്കെടുത്തു. അഭിഷേകവും പൂജവെപ്പും ഉണ്ടായിരുന്നു.

സത്സംഗമ, ബാലഗോകുലം

സത്സംഗമയും ബാലഗോകുലവും സംയുക്തമായി വിജയദശമി ദിനത്തിൽ തിരുവൊട്ടിയൂർ, അമ്പത്തൂർ, മേടവാക്കം എന്നിവിടങ്ങളിൽ പൂജയെടുപ്പും വിദ്യാരംഭം കുറിക്കലും നടത്തി. നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു. ഗണപതി ഹോമം, ദേവീപൂജ, വിദ്യാഗോപാല മന്ത്രാർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു.

പാഞ്ചജന്യം ഭാരതം

പാഞ്ചജന്യം ഭാരതം തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിൽ വിദ്യാരംഭം നടത്തി. ഡോ. രവീന്ദ്രരാജ, ഡോ. വിജയരാഘവൻ, ഡോ. അയ്യപ്പൻ കാര്യാട്ട്, വില്ലിവാക്കം അയ്യപ്പ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി. വിജയദശമിയോടനുബന്ധിച്ച് താമരശ്ശേരി ഈശ്വരൻ ഭട്ടതിരിയുടെയും കലാമണ്ഡലം സത്യനാരായണന്റെയും നേതൃത്വത്തിൽ സംഗീതാർച്ചനയും അരങ്ങേറി.

ചൂളൈമേട് മലയാളി സമാജം

ചൂളൈമേട് മലയാളി സമാജം വിജയദശമി ആഘോഷിച്ചു. മുതിർന്ന അംഗം അരവിന്ദാക്ഷൻ സ്വാമിയുടെ കാർമികത്വത്തിൽ പൂജ നടത്തി. ചെയർമാൻ എം. അച്യുതൻ നായർ, പ്രസിഡന്റ് സി.ആർ.എൻ. പിള്ള, ജനറൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ, ഖജാൻജി ഒ. രാജലക്ഷ്മി, സെക്രട്ടറി ഇ.ജി. മാത്യു, അനിത മണികണ്ഠൻ, കെ.കെ.പ്രകാശ്, സുജാത ബാലചന്ദ്രൻ, ജോളി സജീവൻ, ശാന്ത എൽ. ധരൻ, ജിഷ സതീഷ്, കമല ശ്രീധരൻ എന്നിവർ പങ്കെടുത്തു. കോവിഡ് കാരണം നിർത്തിവെച്ചിരുന്ന മലയാളം ക്ലാസ് വീണ്ടും തുടങ്ങി.

മറൈമലൈ നഗർ സമാജം

മറൈമലൈ നഗർ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നാഗവള്ളിയമ്മൻ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി. പ്രസിഡന്റ് കെ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കെ.പി. സുബ്രഹ്മണ്യൻ 18 കുട്ടികൾക്ക് ആദ്യക്ഷരം പകർന്നുനൽകി.

നോക്മ

ഉത്തര ചെന്നെ മലയാളി അസോസിയേഷൻ (നോക്മ) ആയുധ പൂജ നടത്തി. പ്രസിഡന്റ് ജി.ജെ. പോൾസൺ അധ്യക്ഷത വഹിച്ചു. ചെയർമാൻ ടി.വി. വിജയകുമാർ, ചെയർപേഴ്‌സൺ സ്മിതാ വിജയകുമാർ, സെക്രട്ടറി വി. രാമചന്ദ്രൻ, ഖജാൻജി സി. സഹദേവൻ, വനിതാവേദി കൺവീനർ ജയന്തി പോൾസൺ, ഖജാൻജി ലേഖാ രാജീവ് എന്നിവർ നേതൃത്വം നൽകി.

നോക്മയുടെ നൃത്ത, സംഗീത, തയ്യൽ, മലയാളം ക്ലാസുകളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. ദേവരാജൻ മാസ്റ്റർ നടത്തുന്ന ചെണ്ടമേളം ക്ലാസിലെ പുതിയ ബാച്ച് വിദ്യാർഥികളുടെ അരങ്ങേറ്റം നടത്തി.