ചെന്നൈ : റെംഡെസിവിർ മരുന്നുവാങ്ങാൻ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും വൻ ജനക്കൂട്ടം. ശനിയാഴ്ചയാണ് ഇവിടെ മരുന്നുവിതരണത്തിന് പുതുതായി കൗണ്ടർ തുടങ്ങിയത്. നേരത്തെ കെ.എം.സി.യിലായിരുന്നു മരുന്നുവിതരണം. ജനത്തിരക്ക് കുറയ്ക്കാനാണ് നെഹ്രു സ്റ്റേഡിയത്തിൽ കൗണ്ടർ ആരംഭിച്ചത്. എന്നാൽ ശനിയാഴ്ച മരുന്നുവിൽപ്പന തുടങ്ങിയപ്പോൾ ഇവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞു. കോവിഡ് രോഗികളുടെ ബന്ധുക്കൾ രാവിലെ മുതൽ സ്റ്റേഡിയത്തിനുപുറത്ത് വരിനിൽക്കാൻ തുടങ്ങിയിരുന്നു. മുളകൊണ്ട് വേലി തീർത്തായിരുന്നു ആളുകളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നത്.

അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണെന്ന് ആരോപിച്ച് മരുന്നുവാങ്ങാനെത്തിയവർ സ്റ്റേഡിയത്തിനു മുന്നിലെ റോഡിൽ പ്രതിഷേധവുമായി ഒത്തുകൂടി. കോവിഡ് രണ്ടാം തരംഗത്തിൽ റെംഡെസിവിറിന് തമിഴ്‌നാട്ടിൽ ആവശ്യക്കാർ കൂടിവരികയാണ്. റെംഡെസിവിർ ജീവൻ രക്ഷാ മരുന്നല്ലെന്നും കോവിഡ് ചികിത്സയ്ക്ക് ഗുണകരമാണെന്ന് മതിയായ തെളിവുകളില്ലെന്നും വിദഗ്ധ ഡോക്ടർമാരും ആരോഗ്യവകുപ്പം ആവർത്തിച്ചിട്ടും നൂറുകണക്കിന് പേരാണ് ഇപ്പോഴും മരുന്നുവാങ്ങാൻ തടിച്ചു കൂടുന്നത്. മരുന്നുവിതരണം ഇനിയും സുതാര്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കരിഞ്ചന്തയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്നുള്ള കുറിപ്പടിയുമായാണ് ജനങ്ങൾ റെംഡെസിവിർ വാങ്ങാൻ എത്തുന്നത്. ടോക്കൺ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മരുന്നു വാങ്ങാനാവാതെ മടങ്ങുന്നവർ ഒട്ടേറെയാണ്.

നെഹ്രു സ്റ്റേഡിയത്തിൽ മരുന്നു വാങ്ങാനെത്തിയ പലർക്കും ഒട്ടേറെ പരാതികളാണുള്ളത്. മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ഇവിടെനിന്ന് അറിയാനാവുന്നില്ല. പോലീസും നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മരുന്നു വിതരണം ആരംഭിക്കാൻ സർക്കാർ നടപടി എടുക്കണം-ആളുകൾ ആവശ്യപ്പെട്ടു. ജനത്തിരക്കു മൂലം കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് പലരും ഭയക്കുന്നുണ്ട്. ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചാൽ ഉടനെ റെംഡെസിവിറിന്റെ ആറ് കുപ്പികൾ കൊണ്ടുവരാനാണ് തങ്ങളോട് ആവശ്യപ്പെടുന്നതെന്നും മരുന്ന് വാങ്ങാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ ആരും മനസ്സിലാക്കുന്നില്ലെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും നെഹ്രു സ്റ്റേഡിയത്തിൽ എത്തിയ പലരും പരാതിപ്പെട്ടു.  നടുറോഡിൽ പ്രതിഷേധം