ചെന്നൈ : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് ക്ഷാമം നേരിടുമ്പോൾ തമിഴ്‌നാട്ടിലെ മൂന്ന് വാക്സിൻ നിർമാണ സൗകര്യങ്ങൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ഡി.എം.കെ. രാജ്യസഭ എം.പി.യും മുതിർന്ന അഭിഭാഷകനുമായ പി. വിൽസൺ കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധന് കത്തെഴുതി.

ചെന്നൈയിലെ കിങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, ചെങ്കൽപ്പെട്ടിലെ എച്ച്.എൽ.എൽ. ബയോടെക്‌ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ്, കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വാക്സിൻ നിർമിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങൾ ഉൾപ്പെടെയുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. ഈ നിർമാണ കേന്ദ്രങ്ങൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ സാങ്കേതിക സൗകര്യങ്ങൾ കുറവാണെന്ന് കഴിഞ്ഞ ദിവസം അഡീഷണൽ സോളിസിറ്റർ ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇതിനോട് വിൽസൺ വിയോജിപ്പുപ്രകടിപ്പിച്ചു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയ്ക്ക് വാക്സിനുകൾ നിർമിക്കാൻ ഈ മൂന്നു കേന്ദ്രങ്ങളെയും ആശ്രയിക്കാം. സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഉചിതമായ നിരക്കുകൾ നൽകണം. പേറ്റന്റ് നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സിൻ സ്വയം നിർമിക്കാൻ സഹായിക്കുന്നതിനുള്ള ലൈസൻസ് ഈ കേന്ദ്രങ്ങൾക്ക് അനുവദിക്കുന്നതും നല്ല കാര്യമാണ്. സ്റ്റോക്ക് ലഭ്യമല്ലാത്തതിനാൽ 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ സൗകര്യം തുടങ്ങാൻ പല സംസ്ഥാനങ്ങൾക്കും കഴിയാത്ത അവസ്ഥയാണിപ്പോൾ.