പ്രശാന്ത് കാനത്തൂർ

ചെന്നൈ

: ചെന്നൈയിലെ മലയാളി സംഘടനകളെ സൗഹൃദത്തിന്റെ പാലംകൊണ്ട് കൂട്ടിയിണക്കിയ മനുഷ്യസ്നേഹിയായിരുന്നു വ്യാഴാഴ്ച അന്തരിച്ച കെ.വി. നായർ. എല്ലാവരെയും ഹൃദയംതുറന്ന് സ്നേഹിച്ചു. വാത്സല്യംകൊണ്ട് കീഴടക്കി. എളിമയും ലാളിത്യവുമായിരുന്നു മുഖമുദ്ര. പ്രായത്തിനെ വെല്ലുന്ന ചുറുചുറുക്ക് പ്രകടിപ്പിച്ചു.

കുട്ടികളോടും ചെറുപ്പക്കാരോടും സ്ത്രീകളോടും സമപ്രായക്കാരോടും ഒരുപോലെ പെരുമാറി. തുറന്ന പുഞ്ചിരിയില്ലാതെ ആ മുഖം കാണുന്നത് അപൂർവമാണ്. ഗൗരവത്തിലായാൽപ്പോലും നിമിഷനേരംകൊണ്ട് അത് പുഞ്ചിരിയിലേക്കു വഴിമാറും. ചെന്നൈയിലെ മലയാളികളുടെ ചടങ്ങുകളിൽ സജീവസാന്നിധ്യമായിരുന്നു.

മലയാളി സംഘടനകളിലും അടുത്ത പരിചയമുള്ളവരിലും കെ.വി. നായരുടെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നിച്ചുനിന്ന ഒട്ടേറെ മലയാളി സംഘടനകളെ ഐക്യത്തിന്റെ പാതയിലേക്കു നയിച്ചതിൽ കെ.വി. നായർക്കുള്ള പങ്ക് വലുതാണ്.

വലിയ തർക്കങ്ങൾപോലും അദ്ദേഹം ചെറുപുഞ്ചിരിയോടെ നിഷ്‌പ്രഭമാക്കി. കെ.വി. നായർ ആരോടും ശത്രുത വെച്ചുപുലർത്തിയില്ല. അദ്ദേഹത്തിനും ശത്രുക്കളുണ്ടായിരുന്നില്ല.

മലയാളി ക്ലബ്ബിന് ജനകീയമുഖം ഉണ്ടാകുന്നത് കെ.വി. നായർ ഭാരവാഹിയായി എത്തിയതോടെയാണ്. അന്ന് വി. രാമുണ്ണി മേനോനായിരുന്നു കേരളസമാജം ജനറൽസെക്രട്ടറി. കെ.വി. നായരും രാമുണ്ണിമേനോനും ഏതാണ്ട് ഒരേ സ്വഭാവക്കാരായിരുന്നു. സ്നേഹംകൊണ്ടായിരുന്നു ഇവരുടെ ഭരണം.

അക്കാലത്ത് മലയാളി ക്ലബ്ബ് ധനികരുടെയും കേരളസമാജം പാവങ്ങളുടെയുമാണെന്നുള്ള വേർതിരിവുണ്ടായിരുന്നു. രണ്ടു സംഘടനകളും തമ്മിൽ തീരെ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. എന്നാൽ കെ.വി. നായർ സെക്രട്ടറിയായതോടെ കാര്യങ്ങൾ മാറി. രണ്ടു സംഘടനകളും മലയാളികളുടേതാണെന്നും വേർതിരിവ് പാടില്ലെന്നും അദ്ദേഹം ഉറച്ച നിലപാടെടുക്കുകയും പരിഹാരം കാണുകയും ചെയ്തു.

പിൽക്കാലത്ത് മലയാളി ക്ലബ്ബും കേരളസമാജവും സൗഹൃദത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കാരണക്കാർ കെ.വി. നായരും രാമുണ്ണി മേനോനും ആയിരുന്നു. രാമുണ്ണിമേനോൻ കുറച്ചുവർഷംമുമ്പാണ് മരിച്ചത്.

കലാരംഗത്തും കെ.വി. നായരുടെ സംഭാവനകളുണ്ട്. നാടകത്തോടായിരുന്നു പ്രിയം. എ.വി. അനൂപും വി. പരമേശ്വരൻ നായരുമൊക്കെ നാടകവേദികളിൽ ഒരുമിച്ചിട്ടുണ്ട്.

അനൂപിനൊപ്പം ഭൂമിയിലെ മാലാഖ എന്ന നാടകത്തിൽ കെ.വി. നായർ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. വൈക്കം കാട്ടുകുഴിയിൽ വിശ്വനാഥൻനായർ എന്ന കെ.വി. നായർ 1972-ലാണ് ചെന്നൈയിൽ എത്തുന്നത്.

വെയ്ക്ക്‌ലെറ്റ് ഹൈലാം എന്ന കമ്പനിയിൽ 40 വർഷത്തോളം ജോലിചെയ്ത അദ്ദേഹം 1998-ലാണ് വിരമിച്ചത്. ഹൈദരാബാദിൽ ജോലിചെയ്തപ്പോൾ മലയാളി സംഘടന രൂപവത്കരണത്തിൽ മുൻനിരയിലുണ്ടായിരുന്നു. പിന്നീട് ചെന്നൈയിലെത്തിയപ്പോൾ പ്രവർത്തനം ശക്തിപ്പെടുത്തി. മലയാളി സംഘടനകളിലെ അംഗങ്ങളെ സ്നേഹംകൊണ്ട് ഏകോപിപ്പിക്കാനും വാത്സല്യംകൊണ്ട് ഒരുമിപ്പിക്കാനും കെ.വി. നായരുടെ മിടുക്ക് എടുത്തുപറയേണ്ടതാണ്.

കോൺഫെഡറേഷൻ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷൻ (സി.ടി.എം.എ.) രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

സി.ടി.എം.എ. ഉണ്ടാക്കാൻ എം.പി. പുരുഷോത്തമൻ, ഗോകുലം ഗോപാലൻ, സി. വേലായുധൻ, കെ.വി. നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യമായി യോഗം ചേരുന്നത്. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (ഫെയ്മ) പിറവിക്കു പിന്നിലും കെ.വി. നായർക്ക് പ്രധാന പങ്കുണ്ട്.

ഈ രണ്ടു സംഘടനകളുടെയും സ്ഥാപക ജനറൽസെക്രട്ടറി കൂടിയാണ് അദ്ദേഹം.

16 വർഷം മലയാളി ക്ലബ്ബ് സെക്രട്ടറിയായ കെ.വി. നായർ ഏഴുവർഷം ഇതിന്റെ ഖജാൻജിയായിരുന്നു.

ചെന്നൈ സൗഹൃദവേദി ആരംഭിച്ചതിനുപിന്നിലും കെ.വി. നായരുണ്ട്. തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി (ടി.എൻ.എസ്.എസ്.), ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി (ജി.എൻ.എസ്.എസ്.) എന്നിവയിലും പ്രവർത്തിച്ചു.

കേരളത്തിലേക്കുള്ള തീവണ്ടിയാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതുൾപ്പെടെ ചെന്നൈ മലയാളി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി നിവേദനം നൽകാൻ മന്ത്രിമാരെയും ഉന്നതോദ്യോഗസ്ഥരെയും നേരിൽ കാണാൻ കെ.വി. നായരും പോയിട്ടുണ്ട്.