മുംബൈ : രാജ്യത്തെ രണ്ടാം കോവിഡ് വ്യാപനം ജൂണോടെ പരമാവധിയിലെത്തുമെന്നും അതിനുശേഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ തുടങ്ങുമെന്നും ഹോങ്‌ കോങ് ആസ്ഥാനമായുള്ള ബ്രോക്കറേജ് കമ്പനി, സി.എൽ.എസ്.എ.യുടെ നിരീക്ഷണം. അതേസമയം, ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഏതാനും മാസംകൂടി നീണ്ടേക്കാമെന്നും റിപ്പോർട്ടിലുണ്ട്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. ജൂൺ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 47 ശതമാനംവരെയും മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 65 ശതമാനം വരെയും ഉൾക്കൊള്ളുന്ന 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുമെന്നാണ് പ്രതീക്ഷ. ജൂൺ ആദ്യംതന്നെ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കഴിഞ്ഞേക്കും. കൂടുതൽ സംസ്ഥാനങ്ങൾ ഈ പാതയിലേക്കു വരുന്നതോടെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് സാവധാനം തിരിച്ചെത്തിത്തുടങ്ങുമെന്നാണ് സി.എൽ.എസ്.എ. പറയുന്നത്.