ഹൈദരാബാദ് : തെലങ്കാനയിലെ വിവിധ മലയാളി സംഘടനകൾ കെ.ആർ. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) തെലങ്കാന പ്രസിഡന്റ് ടി.എസ്.സി. പ്രസാദ്, വൈസ് പ്രസിഡന്റ് സി.ജി. ചന്ദ്രമോഹൻ, സെക്രട്ടറി എം.കെ. ശശികുമാർ തുടങ്ങിയവർ പ്രണാമങ്ങൾ അർപ്പിച്ചു. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ചരിത്രത്തിനുമുമ്പേ നടന്ന ആദ്യകാല കമ്യൂണിസ്റ്റ് വനിതാനേതാവിനെയും മികവുറ്റ ഭരണാധികാരിയെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഹൈദരാബാദ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുരേഷ് കുമാറും പ്രസിഡന്റ് സി.ജി. ചന്ദ്രമോഹനും പ്രസ്താവിച്ചു. ഗൗരിയമ്മയുടെ വിയോഗം കേരളത്തിനും വിപ്ലവ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് തണൽ മലയാളി സേവാസമിതി പ്രസിഡന്റ് പി. പ്രദീപും സെക്രട്ടറി കെ. സുഗതനും പറഞ്ഞു.

നമുക്ക് നഷ്ടപ്പെട്ടത് കാലങ്ങളെ അതിജീവിച്ച കമ്യൂണിസ്റ്റ് വനിതാ നേതാവിനെയും വിപ്ലവകരമായ ഭൂപരിഷ്കാരങ്ങൾ കൊണ്ടുവന്ന ഭരണാധികാരിയെയുമാണെന്ന് മലനാട് ഫൈൻ ആർട്‌സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീനാരായണനും സെക്രട്ടറി രാധാകൃഷ്ണനും പറഞ്ഞു. നവീന സാംസ്കാരിക കലാകേന്ദ്രം, ബോവിൻപള്ളി മലയാളീസ് വെൽഫെയർ അസോസിയേഷൻ, ആത്മ മലയാളി സേവാസമിതി തുടങ്ങിയ സംഘടനകളും എയ്മ ദേശീയ വൈസ് പ്രസിഡന്റ് കെ.യു. ഐസക്കും ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.