13 പേർക്ക് പരിക്ക്

അപകടം കടലൂരിൽ

ചെന്നൈ : കടലൂരിൽ കീടനാശിനി ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. സിപ്‌കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. തൊഴിലാളികളായ സബിത (35), രാജ്കുമാർ (42), ഗണപതി (25), വിശേഷരാജ് (25) എന്നിവരാണ് മരിച്ചത്. എല്ലാവരും കടലൂർ സ്വദേശികളാണ്. പരിക്കേറ്റ മൂന്നുസ്ത്രീകളടക്കം 13 പേരെ കടലൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഫാക്ടറിയിൽ 60 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടായിരുന്നു.

ബോയിലർ പൊട്ടിത്തെറിച്ചപ്പോൾ തീപിടിച്ചും വിഷവാതകം ശ്വസിച്ചുമാണ് തൊഴിലാളികൾ മരിച്ചത്. സിപ്‌കോട് ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ കടലൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളെടുക്കുമെന്നും തൊഴിലാളിക്ഷേമ വകുപ്പുമന്ത്രി സി.വി. ഗണേശൻ പറഞ്ഞു.

അതിനിടെ ഫാക്ടറി പൂട്ടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ ധർണ നടത്തി. ജില്ലാഭരണകൂടം ഇടപെട്ട് നടത്തിയ ചർച്ചകൾക്കുശേഷം മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും നൽകാമെന്ന് ഫാക്ടറി അധികൃതർ അറിയിച്ചു.

സംഭവത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മരിച്ചവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.