മലയാളി ഐ.എ.എസുകാരനും പാർട്ടി വിട്ടു

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെ നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വൻ തിരിച്ചടി. പാർട്ടിയിൽനിന്ന് പ്രധാന നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞുപോകുകയാണ്. ഏറ്റവുമൊടുവിൽ പാർട്ടി വിട്ടത് കമലിന്റെ സന്തത സഹചാരിയും മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ സന്തോഷ്ബാബുവും പരിസ്ഥിതി പ്രവർത്തകയായ പദ്മപ്രിയയുമാണ്.

ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടവരാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് ഇരുവരും വ്യക്തമാക്കി. കമൽഹാസൻ പാർട്ടിയെ നയിക്കുന്ന രീതിയോട് പൊരുത്തപ്പെടാനാവാത്തതാണ് പ്രവർത്തകർ കൊഴിയാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.

മക്കൾ നീതി മയ്യത്തിലെ ജനപ്രിയ മുഖങ്ങളായിരുന്നു സന്തോഷ് ബാബുവും പദ്മപ്രിയയും. പാർട്ടി വൈസ് പ്രസിഡന്റായിരുന്ന ആർ. മഹേന്ദ്രൻ ഒരാഴ്ചമുമ്പ് പാർട്ടി വിട്ടിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് മക്കൾ നീതി മയ്യം വിടുന്നതെന്ന് സന്തോഷ് ബാബു ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ വേളാച്ചേരി മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചിരുന്നു. പാർട്ടി വിടാനുള്ള കാരണങ്ങൾ പത്മപ്രിയയും വിശദമാക്കിയിട്ടില്ല. മധുരവോയൽ മണ്ഡലത്തിൽ മത്സരിച്ച അവർ രാഷ്ട്രീയപശ്ചാത്തലമില്ലാത്ത തനിക്കു വോട്ടർമാർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ചില പ്രത്യേക കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്നും അറിയിച്ചു.

അതേസമയം, മക്കൾ നീതി മയ്യത്തിൽ ഇനിയും ധാരാളം ഭാരവാഹികൾ രാജിക്ക് ഒരുങ്ങിയിരിക്കുകയാണെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്നുള്ള വിവരം. കമൽഹാസനിൽ അസംതൃപ്തിയും വിശ്വാസക്കുറവും പലരും ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന് ചെലവഴിച്ച പണത്തെക്കുറിച്ച് കമൽ വിവരങ്ങൾ കൈമാറുന്നില്ലെന്നും താൻ മത്സരിച്ച കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം പ്രധാനമായും പ്രചാരണം നടത്തിയതെന്നും ഇത്തരത്തിലുള്ള ഒരു നേതാവിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നും ചില ഭാരവാഹികൾ ചോദിക്കുന്നു.