ചെന്നൈ: നിരക്കിനെച്ചൊല്ലിയുള്ള തർക്കത്തേത്തുടർന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴുപുരത്ത് കഴിഞ്ഞമാസം 15-നായിരുന്നു സംഭവം. മരിച്ചയാളുടെ വിലാസം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയേപ്പറ്റി സൂചനയില്ലാത്തതിനാൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചായിരുന്നു പോലീസ് കേസ് അന്വേഷിച്ചത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
വിഴുപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ടിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവദിവസം പ്രതി അവരെ ലൈംഗിക ആവശ്യത്തിന് സമീപിച്ചു. ആദ്യം 50 രൂപയ്ക്ക് സമ്മതിച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ 500 രൂപ വേണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇത് പതിനഞ്ചുകാരൻ സമ്മതിച്ചില്ല. പണം തന്നില്ലെങ്കിൽ മാതാപിതാക്കളോട് വിവരംപറയുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന പ്രതി അവിടെക്കിടന്ന കല്ലെടുത്ത് സ്ത്രീയുടെ തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിറ്റേന്നാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
ലൈംഗികത്തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ വിലാസമോ മറ്റുവിവരങ്ങളോ പോലീസിന് ലഭിച്ചിട്ടില്ല. സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയും പോലീസ് ഇവരെ തിരിച്ചറിയാൻ ശ്രമം നടത്തുന്നുണ്ട്.
സംഭവത്തിൽ കേസന്വേഷണം നടത്തിയ പോലീസ് സംഘം, പോലീസ് നായയെ ഉപയോഗിച്ചാണ് കേസിൽ തുമ്പുണ്ടാക്കിയത്. മണം പിടിച്ച് നായ സമീപത്തുള്ള തെരുവിലാണ് ഓടിയെത്തിയത്. അവിടുത്തെ വ്യാപാരികളെ ചോദ്യം ചെയ്തതിൽനിന്ന് പതിനഞ്ചുകാരനെക്കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ മാതാപിതാക്കൾ തിരുപ്പൂരിൽ താമസിച്ച് ജോലി ചെയ്യുന്നവരാണ്. അമ്മൂമ്മയോടൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയശേഷം പ്രതിയെ കടലൂർ ജുവൈനൽ ഹോമിലേക്ക് മാറ്റി.
Content Highlights: 15-year boy arrested for murdering a sex worker