ചെന്നൈ : മറ്റൊരു ജാതിക്കാരനെ വിവാഹം ചെയ്യുന്നത് തടയാൻ രജിസ്ട്രാർ ഓഫീസിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബന്ധുക്കൾ. നാഗപട്ടണം മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് കഴിഞ്ഞദിവസമായിരുന്നു നാടകീയ സംഭവങ്ങൾ.

കാറിൽക്കയറ്റി കൊണ്ടുപോകാൻ നോക്കിയെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ ഗത്യന്തരമില്ലാതെ യുവതിയെ മോചിപ്പിച്ചു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു.

പുതുക്കോട്ട സ്വദേശി ഭാരതിയും (23) മദൻരാജുമാണ് (24) വിവാഹിതരായത്. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. മദൻരാജ് ദളിത് വിഭാഗത്തിൽപ്പെടുന്ന ആളായതിനാലാണ് ഭാരതിയുടെ വീട്ടുകാർ ബന്ധം അംഗീകരിക്കാത്തതെന്ന് പോലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി വീടുവിട്ടിറങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഇരുവരും ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി. ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്‌ട്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം അരങ്ങേറിയത്.

അച്ഛനും മറ്റൊരു ബന്ധുവും ചേർന്നാണ് ബലം പ്രയോഗിച്ച് യുവതിയെ പിടിച്ചുകൊണ്ടുപോയത്. ഇതുകണ്ട നാട്ടുകാർ ഇടപെടുകയായിരുന്നു. ആദ്യം വഴങ്ങാതിരുന്ന ഇരുവരും കൂടുതൽ പോലീസെത്തുന്നുവെന്ന് കണ്ടതോടെയാണ് യുവതിയെ വിട്ടയച്ചത്. ഇതിനിടെ, സുരക്ഷയാവശ്യപ്പെട്ട് മദൻരാജും ഭാരതിയും പോലീസിൽ പരാതി നൽകി.