ചെന്നൈ : തദ്ദേശതിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി 90-കാരിയുടെയും 21-കാരിയുടെയും തകർപ്പൻ ജയം. പ്രായം തളർത്താത്ത ആവേശത്തിലാണ് തൊണ്ണൂറ് പിന്നിട്ട പെരുമാത്താൾ മത്സരിച്ച് ജയിച്ചതെങ്കിൽ യുവത്വം തിളയ്ക്കുന്ന ആവേശത്തിലാണ് 21-കാരി ചാരുകലയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഇരുവരും എതിർ സ്ഥാനാർഥികളെ തറപറ്റിക്കുകയും ചെയ്തു.

തിരുനെൽവേലി പാളയംകോട്ട പഞ്ചായത്ത് യൂണിയനിൽ ഉൾപ്പെടുന്ന ശിവന്തിപ്പട്ടി ഗ്രാമപ്പഞ്ചായത്തിലാണ് പെരുമാത്താൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 1558 വോട്ടുകൾ കരസ്ഥമാക്കി. ആയിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

എതിർസ്ഥാനാർഥികളായ സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി.

തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് 21-കാരിയായ ചാരുലത ജയിച്ചുകയറിയത്. കനത്ത മത്സരത്തിൽ ഒറ്റ വോട്ടിനായിരുന്നു ജയം. എൻജിനിയറിങ് ബിരുദധാരിയാണ് ചാരുലത.