ചെന്നൈ : ഹോട്ടൽഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടിയിലാണ് സംഭവം.

തങ്കപ്പനഗർ സ്വദേശികളായ കർപ്പകവല്ലി (34), മകൾ ദർശിനി (ഏഴ്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം ദർശിനിക്കും മകനായ പാണ്ടിക്കുമൊപ്പം (എട്ട്) കർപ്പകവല്ലി ബന്ധുവീട്ടിൽ പോയിരുന്നു. തിരിച്ചുവരുന്ന വഴിക്കാണ് ഹോട്ടലിൽനിന്ന് പൊറോട്ടയും കോഴിക്കറിയും പാഴ്‌സലായി വാങ്ങിയത്.

വീട്ടിലെത്തിയപ്പോൾ കർപ്പകവല്ലിയും മകളും ഇതുകഴിച്ചു. മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ അമ്മയ്ക്കും മകൾക്കും വയറ്റിൽ എരിച്ചിലനുഭവപ്പെട്ടതായി പറയപ്പെടുന്നു. അതോടെ അടുത്തുള്ള പെട്ടിക്കടയിൽനിന്ന് ശീതളപാനീയം വാങ്ങിക്കുടിച്ചു. എന്നാൽ, അതിനുശേഷം ഇരുവരും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അയൽക്കാർ ഇവരെ കോവിൽപ്പട്ടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർചെയ്ത കോവിൽപ്പട്ടി ഈസ്റ്റ് പോലീസ് ഹോട്ടൽഭക്ഷണത്തിന്റെയും ശീതളപാനീയത്തിന്റെയും അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അറിയിച്ചു.