ചെന്നൈ : നവരാത്രി ആഘോഷം പരിസമാപ്തിയിലേക്കെത്തുമ്പോൾ വിശ്വാസപൂർവം പൂജവെച്ച് ഭക്തർ. കോവിഡിന്റെ സാഹചര്യത്തിൽ നഗരത്തിൽ മിക്കവരും വീടുകളിൽത്തന്നെയാണ് പൂജ വെച്ചിരിക്കുന്നത്. വ്യാഴാഴ്ച മഹാനവമി ദിനം കഴിഞ്ഞ് വെള്ളിയാഴ്ച വിദ്യാരംഭം നടക്കും.

ഹൈന്ദവ സംഘടനകളുടെയും മലയാളി സമാജങ്ങളുടെയും നേതൃത്വത്തിൽ വിദ്യാരംഭം ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് ജാഗ്രതാനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനവുമില്ല.

വിജയദശമി ദിവസം വെള്ളിയാഴ്ച വരുന്നതിനാൽ അന്ന് ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നെങ്കിലും ക്ഷേത്രങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിശ്വാസകാര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് ഭക്തർ പ്രതീക്ഷിക്കുന്നത്.

അതേസമയം, ശനി, ഞായർ ദിവസങ്ങളുമായി ചേർന്നുവരുന്നതിനാൽ പൂജാ അവധിക്ക് സ്വദേശങ്ങളിലേക്ക് പോകാൻ വലിയ തിരക്കാണ് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലുണ്ടായത്. തെക്കൻ ജില്ലകളിലേക്കാണ് കൂടുതൽ തിരക്കുണ്ടായിരുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർക്കാർ കൂടുതൽ ബസ് സർവീസുകൾ നടത്തി. സ്വകാര്യ ബസുകളിലും തിരക്കായിരുന്നു. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി. നഗരപ്രാന്തങ്ങളിലേക്കുള്ള സബർബൻ തീവണ്ടികളിലും യാത്രക്കാരുടെ തിരക്കുണ്ടായി.

നവരാത്രിയോടനുബന്ധിച്ച് കോയമ്പേട് ഉൾപ്പെടെ നഗരത്തിലെ വലുതും ചെറുതുമായ ചന്തകളിലും തിരക്കനുഭവപ്പെട്ടു. പൂ വ്യാപാരവും പൊടിപൊടിച്ചു. ടി. നഗറിലും മറ്റ് ഷോപ്പിങ് കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യാത്രക്കാരുടെ സൗകര്യാർഥം ചെന്നൈ മെട്രോ ബുധനാഴ്ച രാത്രി 12 വരെ സർവീസ് നടത്തി. ഗവർണർ ആർ.എൻ. രവി, പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമി, ഒ.പനീർശെൽവം തുടങ്ങിയ നേതാക്കൾ നവരാത്രി ആശംസകൾ നേർന്നു.