ചെന്നൈ : പൊങ്കലിന് മുന്നോടിയായി പ്രഖ്യാപിച്ച സ്പെഷ്യൽ ബസ് സർവീസുകളിൽ യാത്രചെയ്തത് അഞ്ചരലക്ഷത്തിലേറെ ആളുകൾ.

വ്യാഴാഴ്ച വൈകീട്ടുവരെ 12,865 ബസുകളിലായി 5.74 ലക്ഷം പേർ യാത്ര ചെയ്തെന്ന് ഗതാഗതമന്ത്രി ആർ.എസ്. രാജകണ്ണപ്പൻ അറിയിച്ചു. പൊങ്കൽ ആഘോഷിക്കാൻ ആളുകൾക്ക് സ്വദേശങ്ങളിലേക്ക് പോകാൻ കഴിഞ്ഞ ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെയാണ് സ്പെഷ്യൽ ബസ് സർവീസുകൾ നടത്തിയത്. പൊങ്കലിനുശേഷം 17 മുതൽ 19 വരെയും പ്രത്യേക ബസ് സർവീസുണ്ടാകും. ചെന്നൈയിലേക്കുള്ള 10,097 ബസ്സുൾപ്പെടെ സംസ്ഥാനത്താകെ മൊത്തം 16,709 ബസുകൾ സർവീസ് നടത്തും. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ ബസ് സർവീസുണ്ടായിരിക്കില്ല.