ചെന്നൈ : സർക്കാരിന്റെ സൗജന്യ പൊങ്കൽ കിറ്റിൽനിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന് പരാതിപ്പെട്ടയാളുടെ മകൻ ജീവനൊടുക്കി. വ്യാജപ്രചാരണത്തിന് പിതാവിനെതിരേ പോലീസ് കേസെടുത്തതോടെ സ്വയംതീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിരുവള്ളൂർ ജില്ലയിലെ തിരുത്തണിയിലാണ് സംഭവം. എ.ഐ.എ.ഡി.എം.കെ. മുൻ ഭാരവാഹിയായ നന്ദന്റെ മകൻ കുപ്പുസാമിയാണ് (36) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഈമാസം നാലിന് പൊങ്കൽ കിറ്റ് വാങ്ങിയ നന്ദൻ അതിലെ പുളി പാക്കറ്റിൽ ചത്ത പല്ലിയുണ്ടായിരുന്നെന്നാരോപിച്ച് ഏഴാം തീയതിയാണ് റേഷൻ കടയിൽ പരാതി നൽകിയത്. പരാതി സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ വ്യാജപ്രചാരണം നടത്തുകയാണെന്നാരോപിച്ച് നന്ദനെതിരേ റേഷൻ കടയുടമ തിരുത്തണി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തതോടെയാണ് പിതാവിനെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് കുറ്റപ്പെടുത്തി കുപ്പുസാമി സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ആദ്യം തിരുത്തണി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിൽപ്പോക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുപ്പുസാമി മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ തിരുത്തണിയിൽ റോഡുപരോധിച്ച് പ്രതിഷേധിച്ചു.

നന്ദനെതിരേയെടുത്ത കേസ് റദ്ദാക്കമെന്നും യുവാവിന്റെ മരണം കൊലപാതകമായി രജിസ്റ്റർ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.