ചെന്നൈ : പൊങ്കലോ പൊങ്കൽ വിളികളുമായി തൈപ്പൊങ്കൽ ആഘോഷത്തിന് തമിഴകം ഒരുങ്ങി. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏറെ കരുതലോടെയാകും ആഘോഷങ്ങൾ.

തൈപ്പൊങ്കലിന് മുന്നോടിയായുള്ള ബോഗി പൊങ്കൽ വ്യാഴാഴ്ച ആഘോഷിച്ചു. കഴിഞ്ഞ ഒരു വർഷത്തെ തിന്മകളെ ഉപേക്ഷിക്കുന്നതിന്റെ പ്രതീകമായി പാഴ്‌വസ്തുകൾ അഗ്നിയ്ക്കിരയാക്കുന്ന ചടങ്ങുകൾ ബോഗി പൊങ്കലിന്റെ ഭാഗമായി വീടുകളിൽ നടത്തി. തപ്പും താളമേളങ്ങളുമായിട്ടാണ് ബോഗി ആഘോഷങ്ങൾ നടത്തുന്നത്. നഗരങ്ങളിൽ പരമ്പരാഗത രീതിയിൽ തന്നെ ആഘോഷിക്കാൻ പരിമിതികളുണ്ടെങ്കിലും ഗ്രാമങ്ങളിൽ പൊങ്കലിന്റെ ആവേശം പൂർണമായും ദൃശ്യമായി. പ്ലാസ്റ്റിക്, ടയർ എന്നിവ കത്തിയ്ക്കുന്നതിന് വിലക്കുണ്ടായിരുന്നു. ബോഗിയുടെ ഭാഗമായി വീടുകളിൽ പ്രത്യേക പൂജകളും നടത്തി. തുടർന്ന് തൈപ്പൊങ്കലിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

തൈമാസപ്പിറവി ദിനത്തിലാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. വിളവെടുപ്പ് ഉത്സവമായ പൊങ്കലിൽ ഏറ്റവും പ്രധാനപ്പെട്ടതും തൈപ്പൊങ്കലാണ്. തൈപൊങ്കലിന് ശർക്കര പൊങ്കൽ തയ്യാറാക്കുന്നതിനുള്ള കലം അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിന് വ്യാഴാഴ്ചയും വിപണിയിൽ തിരക്ക് അനുഭവപ്പെട്ടു. കരിമ്പ്, മഞ്ഞൾ, പൂവുകൾ എന്നിവയുടെ വിൽപ്പന വൻതോതിൽ നടന്നു. ശർക്കര പൊങ്കൽ തയ്യാറാക്കി അയൽക്കാർക്കും സുഹൃത്തുകൾക്കും നൽകുന്ന പതിവ് കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലരും ആഘോഷം ഒഴിവാക്കാനാണ് സാധ്യത. ശനിയാഴ്ചത്തെ മാട്ടുപൊങ്കലും നിയന്ത്രണങ്ങളോടെയാകും ആഘോഷിക്കുക. ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം വിലക്കിയിട്ടുള്ളതിനാൽ മാട്ടുപ്പൊങ്കൽ ചടങ്ങുകളെ ബാധിക്കും.

കാണും പൊങ്കൽ ഇത്തവണയുണ്ടാകില്ലെന്ന് തന്നെ പറയാം. നാല് ദിവസം നീണ്ടുനിൽക്കുന്ന പൊങ്കൽ ആഘോഷങ്ങളിലെ അവസാനദിവസമാണ് കാണും പൊങ്കൽ.

ആളുകൾ കാഴ്ചകൾ കാണാൻ ഇറങ്ങുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. എന്നാൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ കൂടി കഴിയില്ല. കാണും പൊങ്കൽ ദിനങ്ങളിൽ വലിയ തിരക്ക് ദൃശ്യമാകുന്ന കടൽക്കരകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്രാവശ്യം വിജനമായിരിക്കും. മുമ്പ് കാണും പൊങ്കൽ ദിനത്തിൽ ചെന്നൈയിൽ എം.ടി.സി. സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുന്നതാണ്.

എന്നാൽ ഇത്തവണ ഇതുണ്ടാകില്ല. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവരെ പിടികൂടാൻ നഗരത്തിൽ പോലീസിന്റെ വാഹന പരിശോധനയുണ്ടായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് താമസിക്കുന്നവർ പൊങ്കൽ ആഘോഷിക്കാൻ സ്വന്ത സ്ഥലങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതിനായി 5000 ഓളം പ്രത്യേക ബസ് സർവീസുകൾ എസ്.ഇ.ടി.സി. നടത്തിയിരുന്നു. ഇവയിലും പതിവ് ദീർഘദൂര ബസുകളിലുമായി 1.90 ലക്ഷം പേർ യാത്ര ചെയ്തു. ഇന്ന് തൈപ്പൊങ്കൽ

ആശംസകളുമായി നേതാക്കൾ

ചെന്നൈ : തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പൊങ്കൽ ആശംസകൾ നേർന്ന് ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയ നേതാക്കൾ. തമിഴ്‌നാട്ടിലെ എല്ലാ സഹോദരിസഹോദരന്മാർക്കും പൊങ്കൽ ആശംസകൾ നേരുന്നുവെന്ന് ഗവർണർ ആർ.എൻ. രവി സന്ദേശത്തിൽ അറിയിച്ചു. ഈ ആഘോഷത്തിൽ എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും സന്തോഷവുമുണ്ടാകട്ടേയെന്ന് ഗവർണർ ആശംസിച്ചു.

പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് അഭിമാനമുള്ളവരായിരിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദേശത്തിൽ പറഞ്ഞു.

തമിഴരുടെ ജീവിതരീതി എന്നും ഉയർത്തിക്കാട്ടാനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം, പി.എം.കെ. നേതാവ് എസ്. രാമദാസ്, ടി.എം.സി. നേതാവ് ജി.കെ.വാസൻ, ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി, എം.ഡി.എം.കെ. നേതാവ് വൈകോ, എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരൻ തുടങ്ങിയവരും പൊങ്കൽ ആശംസകൾ നേർന്നു.