ചെന്നൈ : കോവിഡ് മൂന്നാംവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോകുന്നത് തടയാൻ നടപടികളുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ നിർമാണ, വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനാലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം ഒഴിവാക്കാൻ സർക്കാർ സഹായം പ്രഖ്യാപിച്ചത്. സംസ്ഥാനത്തുതന്നെ തുടരുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ഇവരുടെ പ്രശ്നങ്ങൾ അറിയിക്കാനും അതിൽ ഇടപെടാനും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളിൽ ആകെ 10 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, സേലം, തിരുപ്പൂർ, കോയമ്പത്തൂർ, തിരുനൽവേലി, കൃഷ്ണഗിരി തുടങ്ങിയ ജില്ലകളിലാണ് ഇവർ കൂടുതലുള്ളത്. കെട്ടിടനിർമാണമേഖലയിലും ഫാക്ടറികളിലും ഇവർ നിർണായകമാണ്. ചെറുകിട ഫാക്ടറികളിൽ ഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികളാണ്. കോവിഡ് ഒന്നാംവ്യാപനസമയത്ത് വൻതോതിൽ തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കുപോയിരുന്നു. ഇതിൽ പലരും രണ്ടാംവ്യാപനം കഴിഞ്ഞതിനുശേഷമാണ് തിരിച്ചെത്തിയത്. ഇതേസ്ഥിതി ആവർത്തിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയ്ക്ക് വൻനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ കോവിഡ് ബാധിച്ചാൽ ചികിത്സയും മറ്റുസഹായങ്ങളും നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.