ചെന്നൈ : തമിഴ്‌നാട്ടിൽ പ്രതിദിനരോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. പുതുതായി 20,911 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1.03 ലക്ഷം പേരാണ് ആശുപത്രിയിലും വീടുകളിലുമായി കോവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്നത്. വ്യാഴാഴ്ച 6235 പേർകൂടി രോഗമുക്തരായി. 25 പേരാണ് മരിച്ചത്. ചെന്നൈയിൽ 8218 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 3176 പേർ രോഗമുക്തി നേടി. എട്ടുപേർ മരിച്ചു. 46,515 പേരാണ് നഗരത്തിൽ കോവിഡ് ചികിത്സയിലുള്ളത്. ചെന്നൈയുടെ സമീപജില്ലയായ തിരുവള്ളൂരിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്.

2030 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 750 പേർ രോഗമുക്തരായി. 11,701 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയോട് ചേർന്നുള്ള കാഞ്ചീപുരം ജില്ലയിൽ 502 പേർക്കും തിരുവള്ളൂരിൽ 901 പേർക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കാഞ്ചീപുരത്ത് 3058 പേരും തിരുവള്ളൂരിൽ 5641 പേരുമാണ് കോവിഡ് ചികിത്സയിലുള്ളത്. കോയമ്പത്തൂരിൽ 1162 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 293 പേർ രോഗമുക്തരായി. 5190 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിൽക്കഴിയുന്നത്. ഈ ജില്ലകൾക്ക് പുറമെ കന്യാകുമാരി, മധുരജില്ലകളിൽ മാത്രമാണ് 500-ലേറെ പുതിയ രോഗികളുള്ളത്. ഇവയ്ക്കുപുറമെ ആറുജില്ലകളിൽ 400-നുമുകളിൽ രോഗികളുണ്ട്. എട്ടുജില്ലകളിൽ നൂറിൽതാഴെയാണ് പുതിയ രോഗികൾ. സംസ്ഥാനത്താകെ 1.56 ലക്ഷം സാംപിളുകളാണ് കഴിഞ്ഞദിവസം പരിശോധിച്ചത്.

ഒമിക്രോൺ കേസുകൾ 241 ആയി

സംസ്ഥാനത്ത് പുതുതായി 56 പേർക്കുകൂടി ഒമിക്രോൺ കണ്ടെത്തിയതോടെ ആകെ ഒമിക്രോൺ കേസുകൾ 241 ആയി വർധിച്ചു. എല്ലാരോഗികളും ഇതിനകം രോഗമുക്തരായി ആശുപത്രിവിട്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.