ചെന്നൈ : റഷ്യയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ മൃതദേഹം തമിഴ്‌നാട്ടിലെത്താൻ കാത്തിരിക്കുകയാണ് ബന്ധുക്കൾ. നാലുദിവസത്തിനകം മൃതദേഹങ്ങൾ എത്തിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും വൈകുന്തോറും ഇവരുടെ ആധി കൂടുകയാണ്.
റഷ്യയിലെ വോൾഗോഗ്രാദ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ വിദ്യാർഥികളായ തിരുപ്പൂർ സ്വദേശി മുഹമ്മദ് ആഷിഖ്, ചെന്നൈ സ്വദേശി സ്റ്റീഫൻ, കടലൂർ തിട്ടക്കുടി സ്വദേശി വിഘ്നേഷ്, സേലം തലൈവാസലിലെ മനോജ് എന്നിവരാണ് റഷ്യയിലെ വോൾഗനന്ദിയിൽ മുങ്ങി മരിച്ചത്. നദിയിൽ ഉല്ലാസയാത്ര നടത്തിയപ്പോൾ ബോട്ടുമുങ്ങിയാണ് അപകടമുണ്ടായത്. മൃതദേഹം കൊണ്ടുവരാൻ നാലുദിവസമെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ സ്വാതന്ത്ര്യദിനവും മറ്റുമായതിനാൽ ചിലപ്പോൾ വൈകുമെന്നാണ് കരുതുന്നതെന്നും ആഷിഖിന്റെ പിതാവ് റാഫി പറഞ്ഞു.
മുങ്ങിമരിച്ചതുമായി ബനധപ്പെട്ട് റഷ്യയിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും ഉടൻ മൃതദേഹങ്ങൾ എത്തിക്കുമെന്നുമാണ് സർക്കാർ ഉറപ്പു നൽകിയിരിക്കുന്നതെന്ന് മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നാലുദിവസത്തിനകം മൃതദേഹങ്ങൾ എത്തിക്കാമെന്നും അവരും ഉറപ്പു നൽകിയിട്ടുണ്ടെന്നും റാഫി അറിയിച്ചു.