വൈറലായിഫെയ്‌സ്ബുക്ക് കുറിപ്പ്
ചെന്നൈ : പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ച സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചും അധ്യാപകരെ നിന്ദിച്ചും വിദ്യാർഥിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കടലൂർ ജില്ലയിലെ കാട്ടുമാന്നാർക്കോവിൽ കുറുങ്കുടി സ്വദേശിയായ നിഷാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.
‘‘ഞാൻ പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ചതിനു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നന്ദി. ഞാൻ ജയിക്കില്ലെന്നു പറഞ്ഞ് എന്നെനോക്കി പരിഹാസത്തോടെ ചിരിച്ച അധ്യാപകർക്ക് ഈ വിജയം സമർപ്പിക്കുന്നു’’ നിഷാന്ത് സ്വന്തം ചിത്രവും മാർക്ക് ലിസ്റ്റും ഉൾപ്പെടുത്തി ഫെയ്‌സ്ബുക്ക് താളിൽ കുറിച്ചതിങ്ങനെയാണ്.
ലോക്ഡൗണിനെത്തുടർന്ന് തമിഴ്‌നാട്ടിൽ ഇത്തവണ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് പത്തിനാണ് ഫലം പുറത്തുവിട്ടത്. ഇതിന്റെ സന്തോഷമാണ് നിഷാന്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
താൻ പത്താംക്ലാസ് കടക്കില്ലെന്ന് പല അധ്യാപകരും പരിഹസിച്ചിരുന്നതായും എന്നാൽ താൻ കടമ്പ കടന്നതായും നിഷാന്ത് കുറിപ്പിൽ പറയുന്നു. തമിഴ്‌നാട്ടിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 9.37 ലക്ഷം വിദ്യാർഥികളെയാണ് ജയിച്ചതായി പ്രഖ്യാപിച്ചത്.