ചെന്നൈ : മറീന കടൽക്കരയിൽ എത്തുന്ന സന്ദർശകരുടെ സംരക്ഷണത്തിനായി മറീന കടൽക്കര ജീവൻരക്ഷാസേന രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരിക്കും സേന രൂപവത്കരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് കടലോര പോലീസ് സേനയിലെ അംഗങ്ങളെയും അഗ്നിരക്ഷാ സേനാംഗങ്ങളെയും കടൽക്കര സേനയിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം 12 മത്സ്യത്തൊഴിലാളികളെയും കരാർ അടിസ്ഥാനത്തിൽ അംഗങ്ങളാക്കും. വിലക്ക് ലംഘിച്ച് മറീന കടൽക്കരയിൽ കുളിക്കാനിറങ്ങി വർഷം തോറും ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്.

കൊടുംകുറ്റവാളികളെ പ്രതിരോധിക്കാൻ സൗത്ത് സോണിലും നോർത്ത് സോണിലും പ്രത്യേക പോലീസ് സേനയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഫീസും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താനായി 8.42 കോടി രൂപ അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസുകാർക്ക് പരിശീലനം നൽകും. ചെന്നൈയിൽ നാല് സൈബർ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങും.

കുറ്റകൃത്യങ്ങളിലേക്ക് വഴിതെറ്റുന്നത് ഒഴിവാക്കാൻ കുട്ടികൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. കൗൺസിലിങ്ങും വിദ്യാഭ്യാസവും നൽകാൻ 38.25 ലക്ഷം ചെലവിൽ 51 കേന്ദ്രങ്ങളാണ് ആരംഭിക്കുക. സ്റ്റുഡന്റ് പോലീസ് കാഡറ്റ് കോർ 100 സ്‌കൂളുകളിൽ ആരംഭിക്കും. ചെന്നൈയിലെ മാർക്കറ്റുകളും റോഡുകളും നിരീക്ഷിക്കാനായി 3.60 കോടി രൂപ ചെലവിൽ ഡ്രോൺ വാങ്ങുമെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞു.