പുതുച്ചേരി : കവിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയാരുടെ സ്മരണകൾ ഉറങ്ങുന്ന പുതുച്ചേരിയിലെ മ്യൂസിയം ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സന്ദർശിച്ചു. ലഫ്. ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, മുഖ്യമന്ത്രി എൻ. രംഗസാമി തുടങ്ങിയവർ ഉപരാഷ്ട്രപതിയെ അനുഗമിച്ചു. മ്യൂസിയം മുഴുവൻ നടന്നു കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചെന്നൈയിൽനിന്ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റു വാറൻറ്‌ പുറപ്പെടുവിച്ചതിനെത്തുടർന്ന് ഭാരതിയാർ ഫ്രഞ്ച് അധീനതയിലുള്ള പുതുച്ചേരിയിലെത്തി പത്തുവർഷം താമസിച്ചിരുന്നു. ഭാരതിയാർ അന്തരിച്ച ശേഷം വീട് മ്യൂസിയമാക്കി. കവിയുടെ കൈപ്പടയിലുള്ള എഴുത്തുകളും ലേഖനകളും ഉപയോഗിച്ച വസ്തുക്കളുമൊക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ബലഹീനമായ കെട്ടിടം 2016-ൽ പുതുച്ചേരി സർക്കാർ പഴമ ചോരാതെത്തന്നെ പുതുക്കിപ്പണിതു.

ഭാരതിയാരുടെ 100-ാം ചരമ വാർഷികത്തിന്റെ ഭാഗമായി കവികളെയും കലാകാരന്മാരെയും ഉൾപ്പെടുത്തി ഒരുവർഷം നീളുന്ന പരിപാടികൾ നടത്തുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി അറിയിച്ചു.