ചെന്നൈ : പ്രഖ്യാപനങ്ങളിലൂടെ ഏറെ ശ്രദ്ധേയമായ, ഒരുമാസം നീണ്ടുനിന്ന നിയമസഭാ സമ്മേളനം സമാപിച്ചു. ബജറ്റ് അവതരണത്തോടെ ഓഗസ്റ്റ് 13-ന് ആരംഭിച്ച സമ്മേളനം നീറ്റ് ഒഴിവാക്കുന്നതിനുള്ള നിയമഭേദഗതി പാസാക്കിക്കൊണ്ടാണ് അവസാനിച്ചത്. ഇതിനിടയിൽ ചരിത്രപരമായ നടപടികൾക്കും സഭ സാക്ഷ്യം വഹിച്ചു.

തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി പ്രത്യേക കാർഷികബജറ്റ് അവതരിപ്പിച്ചത് ഈ സമ്മേളനത്തിലാണ്. പ്രധാന എല്ലാ വകുപ്പുകളും നയരേഖകളും അവതരിപ്പിച്ചു. പെട്രോൾ വില മൂന്നുരൂപ കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലായിരുന്നു. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നടത്തിയ ഈ പ്രഖ്യാപനം അടുത്തദിവസം മുതൽ നടപ്പാക്കി. പ്രൊഫഷണൽ കോഴ്‌സുകളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണത്തിനുള്ള നിയമഭേഗതി, കാർഷിക പരിഷ്കരണ നിയമങ്ങൾ, പൗരത്വഭേദഗതി നിയമം എന്നിവയ്ക്കെതിരേയുള്ള പ്രമേയങ്ങൾ എന്നിവയും സമ്മേളനത്തിൽ ഇടം നേടി.

തന്നെ പുകഴ്ത്തി സഭയുടെ സമയം കളയുന്നവർക്കെതിരേ നടപടിയെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും സമ്മേളനത്തെ ശ്രദ്ധേയമാക്കി. ഒരോ വകുപ്പുകളും ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനി ഇവ നടപ്പാക്കുന്ന ദിനങ്ങളായിരിക്കുമെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത്.

പദ്ധതി നടപ്പാക്കൽ സംബന്ധിച്ച് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം താൻ നേരിട്ട് വിലയിരുത്തുമെന്നും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ സമ്മേളനത്തിനുശേഷം മറീനയിലുള്ള കരുണാനിധി സമാധിയിൽ സന്ദർശനം നടത്തിയ സ്റ്റാലിൻ തിങ്കളാഴ്ച അവസാന ദിവസത്തെ സമ്മേളനം കഴിഞ്ഞും അവിടെയെത്തി പൂക്കൾ അർപ്പിച്ചു.