ചെന്നൈ : പ്രമുഖ വാഹനനിർമാതാക്കളായ ഫോഡിന്റെ ചെന്നൈയിലെ നിർമാണയൂണിറ്റ് അടയ്ക്കാനുള്ള തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ തമിഴ്‌നാട് സർക്കാരിനെ സമീപിച്ചു. തൊഴിലാളി യൂണിയൻ നേതാക്കൾ തമിഴ്‌നാട് തൊഴിൽമന്ത്രി ടി.എം. അൻപരശനെ സന്ദർശിച്ച് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കൈമാറി.

ചെന്നൈ മറൈമലൈനഗറിലെ ഫാക്ടറിയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ 2,600 സ്ഥിരം ജീവനക്കാരടക്കം 4,000-ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഇവർ മന്ത്രിയെ അറിയിച്ചു. ജീവനക്കാരുടെ നിവേദനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറുമെന്നും അധികംവൈകാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഫോഡ് യൂണിറ്റ് മറ്റൊരു വാഹനനിർമാണ കമ്പനിക്ക്‌ കൈമാറാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഈ ഇടപാട് യാഥാർഥ്യമാക്കാൻ സർക്കാർ സഹായിക്കുമെന്നും നേരത്തെ തമിഴ്‌നാട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ എൻ. മുരുകാനന്ദം അറിയിച്ചിരുന്നു. ചെന്നൈയിലെയും ഗുജറാത്ത് സാനന്ദിലെയും ഫാക്ടറികൾ അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ ദിവസമാണ് ഫോഡ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.