ചെന്നൈ : തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻമുന്നേറ്റം.

140 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 96 ഇടത്തെ ഫലം വന്നപ്പോൾ 90-ലും ഡി.എം.കെ. സഖ്യം വിജയിച്ചു. എ.ഐ.എ.ഡി.എം.കെ. സഖ്യം ആറ്് സീറ്റുകളാണ് നേടിയത്. കമൽഹാസന്റെ മക്കൾ നീതി മയ്യം ഒരിടത്തുപോലും വിജയിച്ചില്ല.

1380 പഞ്ചായത്ത് യൂണിയൻ വാർഡുകളിൽ 409 ഇടങ്ങളിലെ ഫലം വന്നപ്പോൾ 325 സീറ്റുകൾ ഡി.എം.കെ. സഖ്യം വിജയിച്ചു. എ.ഐ.എ.ഡി.എം.കെ. സഖ്യം 47 വാർഡുകൾ നേടി.

കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. തുടങ്ങിയ പാർട്ടികൾ ഡി.എം.കെ. നേതൃത്വത്തിലുള്ള സംഖ്യത്തിലാണ്. ബി.ജെ.പി.യും തമിഴ് മാനില കോൺഗ്രസുമാണ് എ.ഐ.എ.ഡി.എം.കെ.യുടെ പ്രധാന ഘടകകക്ഷികൾ.

എ.ഐ.എ.ഡി.എം.കെ. സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച പി.എം.കെ. പഞ്ചായത്ത് യൂണിയനിൽ 10 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും രാഷ്ട്രീയകക്ഷി അടിസ്ഥാനത്തിലല്ലായിരുന്നു തിരഞ്ഞെടുപ്പ്.

അക്കൗണ്ട് തുറന്ന് വിജയ് മക്കൾ ഇയക്കം

രാഷ്ട്രീയത്തിന്റെ പേരിൽ അച്ഛനുമായുള്ള തർക്കം തുടരുന്ന നടൻ വിജയ്‌യുടെ ആരാധക സംഘടന തദ്ദേശതിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നു. ഒമ്പത് ജില്ലകളിലായി 169 ഇടങ്ങളിൽ മത്സരിച്ച വിജയ് മക്കൾ ഇയക്കത്തിന്റെ 52 സ്ഥാനാർഥികൾ വിജയിച്ചു.

സ്വതന്ത്ര സ്ഥാനാർഥികളായിട്ടാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങൾ മത്സരിച്ചത്. രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിലല്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലാണ് ഇവരുടെ വിജയം.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയ്‌യുടെ പേരിൽ അച്ഛൻ ചന്ദ്രശേഖർ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിജയ്‌യുടെ എതിർപ്പിനെത്തുടർന്ന് അത് നടന്നില്ല. ഇതിന്റെപേരിൽ ഇരുവരും ഇപ്പോഴും അകൽച്ചയിലാണ്.

ഇതിനിടെയാണ് ആരാധക സംഘടനയിൽ ഉൾപ്പെട്ടവർക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനും തന്റെ ചിത്രവും ആരാധക സംഘടനയുടെ കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനും വിജയ് അനുമതി നൽകിയത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആരാധക സംഘടന മത്സരത്തിന് ഇറങ്ങിയതെന്നാണ് സൂചന.