ചെന്നൈ : പൊങ്കലിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ബസ് സർവീസുകളിൽ ആദ്യ രണ്ടുദിവസം രണ്ടുലക്ഷത്തോളം പേർ യാത്ര ചെയ്തെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 4529 ബസുകളിലായി 1.9 ലക്ഷം പേർ യാത്ര ചെയ്തെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ചയും സ്പെഷ്യൽ ബസ് സർവീസുണ്ടായിരിക്കും. കോയമ്പേട് ബസ്‌സ്റ്റാൻഡിൽ രാവിലെ മുതൽ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. തെക്കൻ ജില്ലകളിലേക്കുള്ള ബസുകളിലാണ് കൂടുതൽ തിരക്കുണ്ടായത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകിയതിനാൽ പൊങ്കൽ സ്പെഷ്യൽ ബസുകളിൽ 75 ശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കുന്നുണ്ട്. പൊങ്കലിന് മുന്നോടിയായി വ്യാഴാഴ്ചവരെ ചെന്നൈയിൽനിന്നുള്ള 10,300 ബസ്സുൾപ്പെടെ സംസ്ഥാനത്താകെ മൊത്തം 16,768 ബസുകളാണ് സർവീസ് നടത്തുന്നത്. നഗരത്തിൽനിന്നുള്ള ദീർഘദൂര ബസുകൾ മാധാവരം, കെ.കെ. നഗർ, താംബരം, പൂനമല്ലി, കോയമ്പേട് എന്നിവിടങ്ങളിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്.

പൊങ്കലിനുശേഷം 17 മുതൽ 19 വരെയും പ്രത്യേക ബസ് സർവീസുണ്ടാകും.