ചെന്നൈ : മറീന ബീച്ചിൽ നിർമിക്കുന്ന തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്മൃതിമണ്ഡപത്തിന്റെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെത്തി. മറ്റ് മന്ത്രിമാരോടൊപ്പം മുന്നറിയിപ്പില്ലാതെയാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. സ്മൃതിമണ്ഡപത്തിന്റെ നിർമാണം മൂന്നുമാസത്തിനകം പൂർത്തീകരിക്കാൻ കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച സിവിൽ സൂപ്പർവൈസിങ് എൻജിനിയർ പാണ്ഡിയരാജനെ നിയമിച്ചിരുന്നു. അദേഹത്തിൽനിന്ന് നിർമാണപുരോഗതി ചോദിച്ചറിഞ്ഞു.
മറീന ബീച്ചിൽ ജയലളിതയുടെ സ്മൃതിമണ്ഡപം നിർമിക്കാൻ സംസ്ഥാന സർക്കാർ 50.8 കോടി രൂപ 2018-ൽ നീക്കിെവച്ചിരുന്നു. 2018 മേയ് എട്ടിന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും ചേർന്ന് സ്മൃതിമണ്ഡപത്തിന് തറക്കല്ലിട്ടു. ഫിനിക്സ് പക്ഷിയുടെ മാതൃകയിലാണ് മണ്ഡപം നിർമിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർമാണം നിർത്തിെവച്ചിരുന്നു. പക്ഷിയുടെ ചിറകിന്റെ ഭാഗങ്ങളും അവയെ താങ്ങിനിർത്തുന്ന ഉപകരണങ്ങളും ദുബായിൽനിന്ന് കപ്പലിൽ എത്തിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചത്.