ചെന്നൈ : കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് മുഖാവരണം ധരിക്കാത്ത 1,30,531 പേരിൽനിന്നായി 2.52 കോടി രൂപ പിഴ ഈടാക്കി. ഞായറാഴ്ചമാത്രം 46,062 പേരിൽനിന്ന് മുഖാവരണം ധരിക്കാത്തതിന് പിഴ ഈടാക്കി. 200 രൂപയാണ് ചെന്നൈ കോർപ്പറേഷൻ പിഴ ഈടാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, പച്ചക്കറിച്ചന്തകൾ, മീൻമാർക്കറ്റുകൾ, ഇറച്ചികൾ, കടകൾ എന്നിവിടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് കോർപ്പറേഷൻ ജീവനക്കാർ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തുന്നത്.

മുഖാവരണം ധരിക്കാതെ കടകളിലെത്തുന്നവർക്ക് സാധനങ്ങൾ നൽകുന്ന കടയുടമകൾക്കും പിഴ വിധിക്കുന്നുണ്ട്. പരിശോധന കർക്കശമാക്കുന്നുണ്ടെങ്കിലും 50 ശതമാനം പേരും ഇപ്പോഴും മുഖാവരണം ധരിക്കാതെയാണ് പൊതുസ്ഥലങ്ങളിൽ ഇടപഴകുന്നതെന്ന് നഗരവാസികൾ പരാതിപ്പെട്ടു. ബസുകൾ, സബർബൻ തീവണ്ടികൾ, മെട്രോ തീവണ്ടികൾ എന്നിവയിലും മുഖാവരണം ധരിക്കാത്തവർ ഏറെയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ നാലുദിവസത്തിനുളളിൽ 6,465 പേരിൽനിന്നായി 25,90,000 രൂപ പിഴ ഈടാക്കി. ഞായറാഴ്ച 1,796 പേരിൽനിന്ന് പിഴ ഈടാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്.