ചെന്നൈ : സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാതീയതിയിൽ കാര്യമായ മാറ്റം വരുത്തിയില്ല. മേയ് മൂന്നിന് നടത്താനിരുന്ന ആദ്യ പരീക്ഷ മേയ് 31-ലേക്ക് മാറ്റിയപ്പോൾ മറ്റ് പരീക്ഷകളുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടില്ല.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മേയ് മൂന്നുമുതൽ 21 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. ഇതിൽ മേയ് മൂന്നിലെ പരീക്ഷ മാത്രമാണ് മാറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മേയ് രണ്ടിന് നടക്കുന്ന പശ്ചാത്തലത്തിലാണ് അടുത്തദിവസം നടത്തേണ്ടിരുന്ന പരീക്ഷ മാറ്റിയത്.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചതിനു ശേഷമാണ് പരീക്ഷ മാറ്റേണ്ട കാര്യമില്ലെന്ന് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതടക്കം മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുന്നത്.

എട്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.