ചെന്നൈ : നിയമസഭയുടെയും സെക്രട്ടേറിയറ്റ‌ിന്റെയും പ്രവർത്തനം ഓമന്തൂരാർ എസ്റ്റേറ്റിലെ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചതായി സൂചന. ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഗിണ്ടിയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായാണ് വിവരം. അണ്ണാശാലയിൽ ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഓമന്തൂരാർ എസ്റ്റേറ്റിൽ നിയമസഭയ്ക്കും സെക്രട്ടേറിയേറ്റിനും വേണ്ടി നിർമിച്ച കെട്ടിട സമുച്ചയം കരുണാനിധിയുടെ സ്വപ്നപദ്ധതിയായിരുന്നു.

മുൻ ഡി.എം.കെ. സർക്കാരിന്റെ (2006-2011) അവസാനകാലത്തായിരുന്നു ഓമന്തൂരാർ എസ്റ്റേറ്റിലെ കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2010-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഒരിക്കൽ ഇവിടെ നിയമസഭാ സമ്മേളനവും നടത്തി. എന്നാൽ, അടുത്തവർഷം അധികാരത്തിലെത്തിയ ജയലളിത സെക്രട്ടേറിയറ്റും നിയമസഭയും സെയ്ന്റ് ജോർജ് കോട്ടയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. പുതിയ സെക്രട്ടേറിയറ്റിനായി മുമ്പ്‌ താൻ നടത്തിയ ശ്രമങ്ങൾക്കെതിരേ നടന്ന സമരങ്ങൾക്ക് ചരട് വലിച്ച കരുണാനിധിയോട് പകരം വീട്ടുകയായിരുന്നു ജയ.

ഓമന്തൂരാർ എസ്റ്റേറ്റിലെ കെട്ടിടസമുച്ചയത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള തീരുമാനം ജയലളിത അതിവേഗം നടപ്പാക്കി. മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ ആശുപത്രി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റമുണ്ടാകുമെന്നും അതോടെ സെക്രട്ടേറിയറ്റും നിയമസഭയും ഓമന്തൂരാർ എസ്റ്റേറ്റിലേക്ക് മാറ്റാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഡി.എം.കെ. എന്നാൽ ജയലളിത വീണ്ടും അധികാരത്തിലെത്തിയതിനാൽ ആശുപത്രിക്കും സെക്രട്ടേറിയറ്റിനും ഒരു മാറ്റവുമുണ്ടായില്ല.

നിലവിൽ ചെന്നൈയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഓമന്തൂരാർ ആശുപത്രി. എന്നാൽ ഈ കെട്ടിടത്തിന്റെ രൂപകല്പന ആശുപത്രിക്ക്‌ ചേർന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഓഫീസ് സമുച്ചയവും നിയമസഭയുമായി നിർമിച്ച കെട്ടിടത്തിൽ കൂടുതൽ രോഗികളെ പാർപ്പിക്കാൻ സാധിക്കില്ല. വലിയ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണികൾക്ക് ചെലവാകുന്ന തുക ഭീമമാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെയ്ന്റ് ജോർജ് കോട്ടയിൽ നിയമസഭാ സമ്മേളനം നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. അതിനാൽ ചെപ്പോക്കിലുള്ള കലൈവാണർ അരങ്ങത്തിലാണ് സഭ സമ്മേളിക്കുന്നത്.

നിയമസഭയുടെ പ്രവർത്തനം അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓമന്തൂരാർ എസ്റ്റേറ്റിലെ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയാൽ ഈ പ്രശ്നമുണ്ടാകില്ല. ഗിണ്ടിയിൽ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക്‌ കെട്ടിടം നിർമിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഓമന്തൂരാർ എസ്റ്റേറിലെ ആശുപത്രിയുടെ പ്രവർത്തനം മാറ്റുന്നതിനാണ് ഗിണ്ടിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.