ചെന്നൈ : ദേശീയതലത്തിൽ വിശാല പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനുള്ള നീക്കങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ തടയുന്നതിനൊപ്പം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടിയാണ് സ്റ്റാലിന്റെ ലക്ഷ്യം.

ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വായ്പാതിരിച്ചടവിൽ സാവകാശം അനുവദിക്കുന്നതിന് കേന്ദ്രത്തിന്മേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് തമിഴ്നാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. വാക്സിൻനയത്തിൽ കേന്ദ്ര സർക്കാർ മാറ്റംവരുത്തിയത് സംസ്ഥാന സർക്കാരുകളുടെ സമ്മർദഫലമായാണെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ ഒന്നിച്ച് മുന്നോട്ടുപോകണമെന്നും അഭ്യർഥിച്ചു.

ജി.എസ്.ടി. കൗൺസിൽ പുനഃസംഘടന ഡി.എം.കെ. സർക്കാർ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസനയത്തിനും സർക്കാർ എതിരാണ്. ഈ വിഷയങ്ങളിൽ മറ്റ് സംസ്ഥാനങ്ങളുടെ സഹകരണവും തേടാൻ ശ്രമിക്കുന്നുണ്ട്. ആദ്യം ഭരണപരമായ വിഷയങ്ങളിൽ ഒന്നിക്കുകയും പിന്നീട് രാഷ്ട്രീയ സഹകരണവുമാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. വായ്പാവിഷയത്തിൽ ബി.ജെ.പി. ഇതര പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും കത്തയച്ചിരുന്നു. ഇതേസമയം എൻ.ഡി.എ. സഖ്യത്തിൽ ഉൾപ്പെട്ട എൻ.ആർ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പുതുച്ചേരിയിലെ മുഖ്യമന്ത്രി എൻ. രംഗസാമിയെ ഒഴിവാക്കി. ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിലെ ഭിന്നതയാണ് നിതീഷ് കുമാറുമായി അടുക്കാൻ സ്റ്റാലിനെ പ്രേരിപ്പിക്കുന്നത്.

കോൺഗ്രസിനൊപ്പം ഇടതുപക്ഷത്തോടും അടുത്തബന്ധം പുലർത്തുന്ന സ്റ്റാലിൻ കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ സ്ഥാനമേറ്റപ്പോൾ ആശംസകൾ അറിയിച്ചത് എന്റെ പ്രിയപ്പെട്ട സഹോദരൻ എന്ന് വിശേഷിപ്പിച്ചായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ബി.ജെ.പി. സർക്കാർ ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നാണ് ഡി.എം.കെ.യുടെ ആക്ഷേപം. ഇതിനെതിരേ ഒന്നിക്കാൻ നേരത്തെതന്നെ ആഹ്വാനംചെയ്തിരുന്ന ഡി.എം.കെ. ദ്രാവിഡനാട് എന്ന ആശയവും മുന്നോട്ടുവെച്ചിരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളാണ് ദ്രാവിഡനാട്ടിൽ ഉൾപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമാക്കി ചെന്നൈയിൽ സ്റ്റാലിൻ വൻസമ്മേളനം നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്റ്റാലിൻ നിർദേശിച്ചതും ഈ സമ്മേളനത്തിലായിരുന്നു. എന്നാൽ, ഇതെല്ലാം അവസാനനിമിഷത്തെ ശ്രമമായതിനാൽ ഫലമുണ്ടായില്ല. അതിനാലാണിപ്പോൾ വളരെ നേരത്തെതന്നെ സ്റ്റാലിൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.