ചെന്നൈ : സർക്കാർ സ്കൂൾ വിദ്യാർഥികളുടേതുപോലെ എയ്ഡഡ് സ്കൂളുൾ വിദ്യാർഥികൾക്കും മെഡിക്കൽ പ്രവേശനത്തിൽ സംവരണമേർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ സർക്കാർ ആലോചനായോഗം ചേരുന്നു. വ്യാഴാഴ്ച സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ, വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുക്കും.

സർക്കാർ സ്കൂളുകളിൽ പഠിച്ച നീറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 7.5 ശതമാനം സീറ്റുസംവരണമാണുള്ളത്. ഇതുപോലെ നീറ്റ് യോഗ്യതയുള്ള എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് 2.5 ശതമാനം സംവരണം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. നീറ്റ് നടപ്പാക്കിയത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഗ്രാമീണമേഖലയിലുള്ള വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് മുൻസർക്കാർ മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. സംവരണംവഴി 2020-21 അധ്യയനവർഷം എം.ബി.ബി.എസിനും ബി.ഡി.എസിനുമായി ആകെ 405 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു.