ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യിൽ എടപ്പാടി പളനിസ്വാമി പക്ഷവും ഒ. പനീർശെൽവം പക്ഷവും തമ്മിലുള്ളഭിന്നത കൂടുതൽ രൂക്ഷമാക്കി തിരുനെൽവേലിയിൽ പോസ്റ്ററുകൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് കാരണം പനീർശെൽവത്തിന്റെ (ഒ.പി.എസ്.) അഭിപ്രായങ്ങൾ മാനിക്കാത്തതാണെന്ന് പോസ്റ്ററുകളിൽ കുറ്റപ്പെടുത്തുന്നു. ഇനിയെങ്കിലും ഒ.പി.എസിനോട് ആലോചിക്കാതെ തീരുമാനമെടുക്കരുതെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ജയലളിത നേരിട്ട് തിരഞ്ഞെടുത്ത നേതാവ് എന്നാണ് പോസ്റ്ററിൽ പനീർശെൽവത്തെ വിശേഷിപ്പിക്കുന്നത്. എടപ്പാടി പളനിസ്വാമിയെ ശശികലയാണ് മുഖ്യമന്ത്രിയാക്കിയതെന്നും എന്നാൽ ഒ.പി.എസിനെ ജയലളിതയാണാക്കിയതെന്നും അദ്ദേഹത്തിന്റെ അനുകൂലികൾ മുമ്പും പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ ശശികലയ്ക്ക് എതിരേ ശക്തമായ നിലപാടെടുത്തിരിക്കുന്ന പളനിസ്വാമിയെ പരിഹസിക്കാൻ വീണ്ടും ഈവിഷയം ചർച്ചയാക്കുകയാണ്. പാർട്ടിയിൽ തിരിച്ചെത്താനുള്ള ശശികലയുടെ ശ്രമങ്ങൾ പരാജയപ്പെടുത്താൻ പളനിസ്വാമി ശ്രമിക്കുമ്പോൾ പനീർശെൽവത്തിന്റെ നിലപാട് ഇതിന് വിരുദ്ധമാണ്.

ആദ്യം മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തെ ചൊല്ലിയും പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയും നടത്തിയ മത്സരത്തിൽ പളനിസ്വാമിക്കായിരുന്നു വിജയം.

സാങ്കേതികമായി പാർട്ടിയിൽ ഇരുവർക്കും തുല്യ അധികാരമാണെങ്കിലും നിർണായക തീരുമാനമെടുക്കേണ്ടി വരുമ്പോൾ പളനിസ്വാമി മേൽക്കൈ നേടും. ഇതാണ് പനീർശെൽവത്തെ പോരിന് പ്രേരിപ്പിക്കുന്നത്. ശശികലയുടെ തിരിച്ചുവരവ് സംബന്ധിച്ച് പളനിസ്വാമി ഏകപക്ഷീയമായി നടത്തിയ പ്രതികരണവും ഭിന്നതയ്ക്ക് ആക്കംകൂട്ടിയെന്നാണ് കരുതപ്പെടുന്നത്.

നിയമസഭാ കക്ഷിയോഗം 14-ന്

ചെന്നൈ : എ.ഐ.എ.ഡി.എം.കെ. നിയമസഭാകക്ഷി യോഗം തിങ്കളാഴ്ച നടക്കും. നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗം വിളിച്ചിരിക്കുന്നത്.

പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുടെയും പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവത്തിന്റെയും നേതൃത്വത്തിലാണ് യോഗം. കോവിഡ് പശ്ചാത്തലത്തിൽ യോഗം ചേരുന്നതിനായി പ്രത്യേക അനുമതി തേടിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ, നിലപാടുകൾ എന്നിവയാണ് യോഗത്തിന്റെ ആലോചനാ വിഷയങ്ങൾ.