ചെന്നൈ : തമിഴ്‌നാട്ടിൽ 17,321 പേർക്കുകൂടി കോവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 22,92,025 ആയി ഉയർന്നു. 405 പേർകൂടി മരിച്ചു. മരണസംഖ്യ 28,170 ആയി. 31,253 പേർക്കുകൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 20,59,597 ആയി ഉയർന്നു. 2,04,258 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് 1,80,750 പേരുടെ സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കോയമ്പത്തൂരിൽ 2,319 പേർക്കുകൂടി കോവിഡ് ബാധിച്ചു. 4,992 പേർ രോഗമുക്തരായി. 62 പേർ മരിച്ചു. 24,022 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഈറോഡിൽ 1,405 പേർക്ക് രോഗം ബാധിച്ചു. 1953 പേർ രോഗമുക്തരായി. പത്ത് പേർ മരിച്ചു. 13,724 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ 1,345 പേർക്കുകൂടി കോവിഡ് ബാധിച്ചു. 3,281 പേർ രോഗമുക്തരായി. 52 പേർ മരിച്ചു.

14,678 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയുടെ സമീപ ജില്ലകളായ ചെങ്കൽപ്പെട്ടിൽ 726 പേർക്കും തിരുവള്ളൂരിൽ 404 പേർക്കും കാഞ്ചീപുരത്ത് 294 പേർക്കും രോഗം സ്ഥിരീകരിച്ചു. ചെങ്കൽപ്പെട്ടിൽ 29 പേരും തിരുവള്ളൂരിലും കാഞ്ചീപുരത്തിലും 12 പേർ വീതവും മരിച്ചു. മറ്റു ജില്ലകളിലും മരണനിരക്ക് ഉയർന്നതോതിൽ തുടരുകയാണ്.

957 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സേലത്ത് 23 പേർ മരിച്ചു. സേലത്ത് 10,377 പേരാണ് ചികിത്സയിൽ കഴിയുന്നത്. മധുര, തിരുപ്പൂർ ജില്ലകളിൽ 15 പേർ വീതവും കന്യാകുമാരിയിൽ 14 പേരും കടലൂരിൽ 13 പേരും തിരുച്ചിറപ്പള്ളിയിൽ 12 പേരും കൃഷ്ണഗിരിയിലും വെല്ലൂരിലും നാമക്കലിലും പത്ത് പേർ വീതവും മരിച്ചു. പുതുക്കോട്ട, ശിവഗംഗ, തേനി എന്നീ ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും മരണം സ്ഥിരീകരിച്ചു.