ചെന്നൈ : കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ തിങ്കളാഴ്ചമുതൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ നിലവിൽ വരുകയാണ്. ഇതിനു മുന്നോടിയായി ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ഞായറാഴ്ച രാത്രി ഒമ്പതുവരെ കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. കേരളത്തിലേക്കുൾപ്പെടെ അന്യസംസ്ഥാന യാത്രകൾക്ക് ഇ-രജിസ്‌ട്രേഷൻ നിർബന്ധമാക്കും.

യാത്ര നിയന്ത്രണങ്ങൾ

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിമാനത്തിലും തീവണ്ടികളിലുമെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ ഇ-രജിസ്‌ട്രേഷൻ സംവിധാനം കർശനമാക്കും. വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് നിർബന്ധമാക്കും. അന്തർ ജില്ല, അന്ത സ്സംസ്ഥാന സർക്കാർ, സ്വകാര്യ ബസുകൾ ഉണ്ടാവില്ല. ടാക്സി സേവനങ്ങൾക്ക് അനുമതിയില്ല. വിവാഹച്ചടങ്ങ്, ശവസംസ്കാരം, തൊഴിൽ അഭിമുഖങ്ങൾ, ആശുപത്രികൾ തുടങ്ങി യാത്രകൾക്ക് ആവശ്യമായ രേഖകളോ, തെളിവുകളോ കൈയിൽ കരുതണം. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഹോട്ടലുകളിൽ പാഴ്‌സൽ മാത്രം

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. രാവിലെ ആറുമുതൽ പത്തു വരെയും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെയും വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതു വരെയും പാർസൽ അനുവദിക്കും. ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗി, സോമാറ്റോ എന്നിവയ്ക്കും ഇതേ സമയം പ്രവർത്തിക്കാം. അമ്മ കാന്റീനുകൾ തുറന്നു പ്രവർത്തിക്കും

ചായക്കടകൾ ഉച്ചയ്ക്ക് 12 വരെ മാത്രം പ്രവർത്തിക്കും. തെരുവുകളിലെ ഭക്ഷണ വിൽപ്പന അനുവദിക്കില്ല. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് മുറികളിൽ ഭക്ഷണം നൽകണം. ഹോട്ടലുകളും ലോഡ്ജുകളും ബിസിനസ് സന്ദർശകർക്കും ചികിത്സ ആവശ്യങ്ങൾക്ക് വരുന്നവർക്കും തുറന്നു കൊടുക്കും.

ബീച്ചുകളും മദ്യശാലകളും അടച്ചിടും

പലചരക്ക്, പച്ചക്കറി, മാംസം-മത്സ്യ വിൽപ്പന കടകൾ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കും. 50 ശതമാനം ആളുകൾക്കു മാത്രം പ്രവേശനം. മറ്റു കടകളൊന്നും അനുവദിക്കില്ല. വഴിയോരത്തെ പച്ചക്കറി, പൂവിൽപ്പനയ്ക്ക് ഉച്ചയ്ക്ക് 12 വരെ അനുമതിയുണ്ട്. ടാസ്മാക്ക് മദ്യശാലകൾ അടച്ചിടും. സിനിമശാലകൾ, മൾട്ടിപ്ലെക്സുകൾ, വിനോദ ക്ലബ്ബുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, മീറ്റിങ് ഹാളുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല. എല്ലാ ബീച്ചുകളും അടച്ചിടും. പൊതുസ്ഥലങ്ങളിലെയും അടച്ചിട്ട ഇടങ്ങളിലെയും കായിക വിനോദങ്ങൾ അനുവദിക്കില്ല. നീലഗിരി, കൊടൈക്കനാൽ, യേർക്കാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തും. നീന്തൽക്കുളങ്ങളും കായിക പരിശീലന അക്കാദമികളും പ്രവർത്തിക്കില്ല. റേഷൻ കടകൾ ഉച്ചയ്ക്ക് 12 വരെ തുറക്കും. കീടനാശിനി, രാസവളം, വിത്തുകൾ, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കാം. സലൂൺ, സ്പാ എന്നിവ അനുവദിക്കില്ല. കുടുംബ, മതപരമായ ആഘോഷങ്ങൾ പാടില്ല. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കരുത്. നിത്യ പൂജകൾ ആവാം. ശവസംസ്‌കാര ചടങ്ങുകളിൽ 20 പേർക്കു പങ്കെടുക്കാം.

അവശ്യ സർവീസുകൾ പ്രവർത്തിക്കും

സെക്രട്ടേറിയറ്റ്, ആരോഗ്യ-കുടുംബക്ഷേമം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, ഹോംഗാർഡ്, അഗ്‌നി ശമനസേന, ജയിൽ, ജില്ല ഭരണകൂടം, വൈദ്യുതി, ജലം, തദ്ദേശ സ്വയംഭരണ സ്ഥാപനം, വനം വകുപ്പ്, ട്രഷറികൾ, സാമൂഹികക്ഷേമം, വനിതാവകാശം തുടങ്ങിയ വകുപ്പുകൾക്ക് അവശ്യം ജീവനക്കാരോടെ പ്രവർത്തിക്കാം. ജീവനക്കാർക്ക് ഗതാഗത സൗകര്യം വകുപ്പ് മേധാവികൾ ഒരുക്കണം. കോടതി, ജുഡീഷ്യൽ ഓഫീസുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി.

ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. സ്വകാര്യ ഓഫീസുകൾ, കമ്പനികൾ, ഐ.ടി-ഐ.ടി. ഇതര കമ്പനികൾ എന്നിവയുടെ ഓഫീസ് പ്രവർത്തനം പാടില്ല. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിക്കണം. സമ്മർ ക്യാമ്പുകൾ, സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല. അവശ്യവസ്തുക്കൾ ഉത്‌പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.

പാൽ, പത്ര വിതരണം, ആശുപത്രികൾ, മെഡിക്കൽ ലാബുകൾ, ഫാർമസികൾ, ആംബുലൻസ്, അവശ്യ സാമഗ്രികളുമായുള്ള ലോറി ഗതാഗതം, കാർഷിക ഉത്‌പന്നങ്ങളുമായുള്ള വാഹനങ്ങൾ, ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഇന്ധനം വഹിക്കുന്ന വാഹനങ്ങൾ എന്നിവ അനുവദിക്കും. മാധ്യമ പ്രവർത്തകർക്ക് ജോലി ചെയ്യാം.

കേരളത്തിലേക്കുള്ള തീവണ്ടി സർവീസ് തുടരും

ചെന്നൈ : തമിഴ്‌നാട്ടിൽ തിങ്കളാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലേക്കുള്ള തീവണ്ടികൾ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-മംഗളൂരു മെയിൽ എന്നീ തീവണ്ടികൾ സർവീസ് തുടരും. യാത്രക്കാരില്ലാത്തതിനാൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

ചെന്നൈ-തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം എ.സി. എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് എന്നീ തീവണ്ടികളും സർവീസ് തുടരും. യാത്രക്കാരില്ലാത്തതിനെത്തുടർന്ന് തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് എന്നിവ റദ്ദാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കാൻ ഇ-രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.