ചെന്നൈ : ഡി.എം.കെ. സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ പോലീസ് സേനയിലും അഴിച്ചുപണി. ചെന്നൈ സിറ്റി പോലീസ് കമ്മിഷണറായി സായുധസേനാ എ.ഡി.ജി.പി.യായിരുന്ന ശങ്കർജിവാലിനെ നിയമിച്ചു. ശനിയാഴ്ച കമ്മിഷണർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ശങ്കർജിവാൽ കമ്മിഷണറായി സ്ഥാനമേറ്റു. 1990 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ശങ്കർ ജിവാൽ ഉത്തരാഖണ്ഡ് സ്വദേശിയാണ്. നേരത്തേ തിരുച്ചിറപ്പള്ളി പോലീസ് കമ്മിഷണറായും സ്പെഷ്യൽ ബ്രാഞ്ച് എസ്.പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യമംഗലം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിന് പോലീസ് മെഡൽ നേടിയിട്ടുണ്ട്. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അദ്ദേഹം സ്റ്റാലിനെ സന്ദർശിച്ച് അഭിനന്ദനമറിയിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ മുൻ കമ്മിഷണർ മഹേഷ് കുമാർ അഗർവാളിന് പകരം ചുമതല നൽകിയിട്ടില്ല. കഴിഞ്ഞവർഷം ജൂലായിലായിരുന്നു മൂന്നുവർഷം പൂർത്തിയാക്കിയ എ.കെ. വിശ്വനാഥനു പകരം മഹേഷ് കുമാർ അഗർവാളിനെ ചെന്നൈ പോലീസ് കമ്മിഷണറായി നിയമിച്ചത്. പത്തുമാസത്തോളം നീണ്ട കാലയളവിൽ പൊതുജനപരാതി പരിഹാരത്തിന് സാങ്കേതികവിദ്യാസൗകര്യം അവതരിപ്പിച്ചതും സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സെല്ലുകൾ രൂപവത്കരിച്ചതും മഹേഷ് കുമാർ അഗർവാളിന്റെ പ്രവർത്തനനേട്ടമാണ്. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന എസ്. ഡേവിഡ്‌സൺ ദേവാശീർവാദത്തെ ഇന്റലിജൻസ് വിഭാഗം മേധാവിയായും എ.ഡി.ജി.പി. (വെൽഫെയർ) പി. താമരകണ്ണനെ ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി.യായും നിയമിച്ചു.