ചെന്നൈ : പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന എ.ഐ.ഐ.ഡി.എം.കെ. ജനറൽ കൗൺസിൽ യോഗത്തിൽ ഭിന്നത രൂക്ഷം. മുൻ മുഖ്യമന്ത്രിയും പാർട്ടി ജോയന്റ് കോ-ഓർഡിനേറ്ററുമായ എടപ്പാടി പളനിസ്വാമി മുൻ ധനമന്ത്രിയും പാർട്ടി കോ-ഓർഡിനേറ്ററുമായ ഒ. പനീർശെൽവം എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുവിഭാഗങ്ങളാണ് പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്നതിൽ ചർച്ചനടത്തിയത്. എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്തേക്ക് എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവും വരുമ്പോൾ ഇരുവരെയും പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ച് ഏറ്റുമുട്ടലിന്റെ വക്കിലെത്തി. യോഗം ചേർന്നപ്പോഴും പി.എം.കെ., ബി.ജെ.പി. എന്നീ പാർട്ടികളുമായുണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ചും ചർച്ചനടന്നു. പി.എം.കെ. പ്രതിനിധാനംചെയ്യുന്ന വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണം അനുവദിച്ചതും ടി.ടി.വി. ദിനകരൻ പ്രതിനിധാനംചെയ്യുന്ന അമ്മ മക്കൾ മുന്നേറ്റ കഴകവുമായി (എ.എം.എം.കെ.) സഖ്യം തള്ളിക്കളഞ്ഞതും ചർച്ചയായി.

എ.എം.എം.കെ.യുമായി സഖ്യമില്ലാത്തതിനാൽ തെക്കൻ ജില്ലകളിൽ 20 സീറ്റുകൾ നഷ്ടപ്പെട്ടുവെന്ന് പനീർശെൽവം പക്ഷം കുറ്റപ്പെടുത്തി. കാർഷികനിയമത്തിൽ പാർട്ടി വ്യക്തമായ നിലപാട് എടുക്കാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും കുറ്റപ്പെടുത്തി. എടപ്പാടിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടെന്നും ഒരുവിഭാഗം ആരോപിച്ചു. അതിനാൽ പനീർശെൽവം പ്രതിപക്ഷനേതാവാകണമെന്നും ഇവർ വാദിച്ചു.