ഏതെങ്കിലും വിധത്തിൽ പരീക്ഷ നടത്തണം

ചെന്നൈ : മുൻപരീക്ഷകളിൽ തോറ്റ കോളേജ് വിദ്യാർഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. അരിയർ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നവരെയും ജയിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവസാന സെമസ്റ്റർ ഒഴികെയുള്ള കോളേജ് പരീക്ഷകൾ റദ്ദാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്.

അരിയർ പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത് ഫീസടച്ചവരെയും ഇത്തരത്തിൽ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഇ. ബാലഗുരുസ്വാമിയും അഭിഭാഷകനായ രാംകുമാർ ആദിത്യനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കോളേജ് പരീക്ഷകൾ റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് യു.ജി.സി.യും സർക്കാർ നീക്കം ചട്ടവിരുദ്ധമാണെന്ന് എ.ഐ.സി.ടി.ഇ.യും നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ബുധനാഴ്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, സെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. അരിയർ പരീക്ഷ നടത്താൻ സർക്കാർ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിദ്യാഭ്യാസ നിലവാരം വിട്ടുവീഴ്ച ചെയ്യാതെ ഏതെങ്കിലും ഒരുവിധത്തിൽ പരീക്ഷ നടത്തണം. ഇതുസംബന്ധിച്ച് യു.ജി.സിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണം. അതിനൊപ്പം സർവകലാശാലാ തലത്തിൽ അരിയർ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിരുന്നവർ എത്രയെന്നും ജയിച്ചതായി പ്രഖ്യാപിച്ചത് എത്ര പേരെയാണെന്നുമുള്ള വിവരങ്ങൾ നൽകണമെന്നും കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഹർജി വീണ്ടും ഈമാസം 15-ന് പരിഗണിക്കും.