ചെന്നൈ : സംസ്ഥാനത്ത് 88,000-ൽ അധികം പോളിങ് ബൂത്തുകളിൽ നിന്നുള്ള വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം.) സൂക്ഷിച്ചിരിക്കുന്നത് 75 കേന്ദ്രങ്ങളിൽ. വോട്ടുരേഖപ്പെടുത്തിയതിനുശേഷം സീൽചെയ്ത ഇ.വി.എമ്മുകൾ ബുധനാഴ്ചയോടെയാണ് അതത് കേന്ദ്രങ്ങളിൽ എത്തിച്ചത്. മേയ് രണ്ടിന് വോട്ടെണ്ണൽ നടക്കുന്നതും ഇവിടെയായിരിക്കും. കനത്ത സുരക്ഷയോടെയാണ് ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്നത്. സായുധസേന, സ്പെഷ്യൽ പോലീസ്, ലോക്കൽ പോലീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ കാവൽ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് ഇ.വി.എമ്മുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രത്യേകം ക്രമീകരിച്ചിരുന്ന സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റിയത്. ഓരോ മണ്ഡലം തിരിച്ചാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. നിരീക്ഷണ ക്യാമറയിലൂടെ 24 മണിക്കൂറും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇ.വി.എം. സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ പരിസരങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും പോലീസ് അടക്കം 500 പേരെയാണ് കാവലിനായി നിയോഗിച്ചിരിക്കുന്നത്.

രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾക്കും ഇ.വി.എം. സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താം. ഇതിനായി പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇങ്ങനെ തിരിച്ചറിയൽ കാർഡുമായി വരുന്നവർക്ക് താമസിക്കുന്നതിനും സൗകര്യമുണ്ട്. ചെന്നൈയിലെ 16 മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മൂന്ന് കേന്ദ്രങ്ങളിലായാണ്. ലൊയോള കോളേജ്, ക്വീൻ മേരീസ് കോളേജ്, അണ്ണാ സർവകലാശാല എന്നിവിടങ്ങളാണ് ഈ കേന്ദ്രങ്ങൾ. ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ മഹേഷ്‌കുമാർ അഗർവാൾ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. മാനദണ്ഡം അനുസരിച്ചുള്ള എല്ലാ സുരക്ഷയും മൂന്ന് കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

വോട്ടിങ് യന്ത്രം ഇരുചക്രവാഹനത്തിൽ: പിഴവുണ്ടായെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ

ചെന്നൈ : വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ സംഭവം വീഴ്ചയാണെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യവ്രത സാഹു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും വോട്ടിങ് യന്ത്രവുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കോർപ്പറേഷൻ ജീവനക്കാരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തി ഇവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വേളാച്ചേരിയിൽ ചൊവാഴ്ച രാത്രിയിലാണ് ഇരുചക്രവാഹനത്തിൽ വോട്ടിങ് യന്ത്രവുമായി സഞ്ചരിച്ച രണ്ട് കോർപ്പറേഷൻ ജീവനക്കാരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറിഞ്ഞതിനെത്തുടർന്ന് സഹായത്തിനായി ഓടിക്കൂടിയവരാണ് ഇവരുടെ കൈവശം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. ഇതേത്തുടർന്ന് ബഹളമാകുകയായിരുന്നു.

വോട്ടുരേഖപ്പെടുത്താത്ത യന്ത്രങ്ങളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നാണ് തിരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇരുചക്രവാഹനത്തിൽ വോട്ടിങ് യന്ത്രം കൊണ്ടുപോയത് ഗുരുതര പിഴവാണെന്നാണ് വിലയിരുത്തുന്നത്.

ഇ.വി.എം. നിരീക്ഷണത്തിൽ വീഴ്‌ച പാടില്ലെന്ന് പ്രവർത്തകരോട് നേതാക്കൾ

ചെന്നൈ : വോട്ടുരേഖപ്പെടുത്തിയ ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി 24 മണിക്കൂറും നിരീക്ഷണം നടത്തണമെന്ന് പ്രവർത്തകരോട് ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. നേതൃത്വം. തിരഞ്ഞെടുപ്പിനിടെ ദുഷ്ടശക്തികൾ ഉയർത്തിയ വെല്ലുവിളികൾ നാം നേരിട്ടുവെന്നും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നിടത്ത് മുഴുവൻ സമയവും നിരീക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്തു പുറത്തിറക്കിയ പ്രസ്താവനയിൽ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇ.വി.എം. സൂക്ഷിച്ചിരിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിന് ആളുകളുണ്ടെന്ന് പാർട്ടി ചുമതലക്കാർ ഉറപ്പാക്കണമെന്ന് എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്റർ ഒ. പനീർശെൽവവും സഹ കോ-ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.