ചെന്നൈ : കോയമ്പേടിലെ സർക്കാർസ്ഥലം സ്വകാര്യ കെട്ടിടനിർമാതാവിന് കൈമാറിയതായുളള ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ., ഗവർണർ ബൻവാരിലാൽ പുരോഹിതിന് നിവേദനം നൽകി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്കും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരേ ക്രിമിനൽക്കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

കോടികൾ വിലമതിപ്പുള്ള ഭൂമിയേറ്റെടുക്കാൻ നടപടിയെടുക്കണമെന്നും ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഡി.എം.കെ. സംഘാടക സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു. പൂനമല്ലി ഹൈ റോഡിനു സമീപം കോയമ്പേടിലുള്ള 10.5 ഏക്കർ ഭൂമി ഒരു സ്വകാര്യ കെട്ടിടനിർമാതാവിന് ചതുരശ്രയടിക്ക് 12,500 രൂപ നിരക്കിൽ കൈമാറി എന്നാണ് പരാതി. സർക്കാർ അധീനതയിലുള്ള ഭൂമി ലേലം വിളിക്കാതെ അനധികൃതമായി കൈമാറിയ നടപടി കുറ്റകരമാണ്. നിലവിലെ വിപണിവിലയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഭൂമി നൽകിയിരിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.