ചെന്നൈ : കോവിഡ് ഭീതിയിൽ വോട്ടുചെയ്യുന്നത് ഒഴിവാക്കി നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് താരം വോട്ടുചെയ്യാൻ എത്താതിരുന്നതെങ്കിലും പോളിങ് ബൂത്തിൽ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്ന അണികൾ നിരാശരായി. ഇവർ അതൃപ്തി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ശാരീരികബുദ്ധിമുട്ടുകളെത്തുടർന്ന് വിജയകാന്ത് ഇപ്പോൾ രാഷ്ട്രീയരംഗത്ത് അത്ര സജീവമല്ല. ഭാര്യ പ്രേമലതയും അവരുടെ സഹോദരൻ എൽ.കെ. സുധീഷുമാണ് പാർട്ടിയുടെ നിയന്ത്രണം കൈയാളുന്നത്. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ വിജയകാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു.

ആ നിലയിൽ വോട്ടെടുപ്പ് ദിവസം പ്രിയ നേതാവിനെ നേരിൽക്കാണാമെന്ന പ്രതീക്ഷയിൽ അണികൾ കാത്തിരിക്കുകയായിരുന്നു.

ചെന്നൈ സാലിഗ്രാമിലെ കാവേരി സ്കൂളിലെ പോളിങ് ബൂത്തിൽ താരം കുടുംബത്തോടൊപ്പം വോട്ടുചെയ്യാനെത്താറാണ് പതിവ്. ഇത്തവണയും ആ പ്രതീക്ഷയിൽ അണികൾ കാത്തിരുന്നു.

രാവിലെ എത്തിയ പ്രേമലത വോട്ടുചെയ്ത് താൻ മത്സരിക്കുന്ന വിരുദാചലത്തേക്ക് പോയി. പിന്നീട് മക്കൾ വോട്ടുചെയ്യാനെത്തി. വിജയകാന്ത് വൈകീട്ടോടെ വോട്ടുചെയ്യാനെത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കാത്തിരുന്ന അണികൾക്ക് നിരാശയായിരുന്നു ഫലം. ശാരീരികബുദ്ധിമുട്ടുകൾ കാരണവും കോവിഡിന്റെ സാഹചര്യത്തിൽ താൻ വോട്ടുചെയ്യാൻ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ചുമാണ് വിജയകാന്ത് വോട്ടുചെയ്യാതിരുന്നതെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

വോട്ടുചെയ്യാൻ പോകുമ്പോൾ പ്രവർത്തകരിൽനിന്ന് മാറി നിൽക്കാനാകില്ല. അവിടെ കോവിഡ് നിയന്ത്രണങ്ങൾ ശരിയായി പാലിക്കാനായെന്നുവരില്ല. ഡോക്ടർമാർ ആരോഗ്യജാഗ്രത നിർദേശിച്ചിരിക്കുന്നതിനാൽ അത്തരമൊരു സാഹചര്യം ഒഴിവാക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലായിരുന്ന ഡി.എം.ഡി.കെ. സീറ്റുതർക്കത്തെത്തുടർന്ന് മുന്നണിവിട്ട് ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ. സഖ്യവുമായി ചേർന്നാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.